സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന്റെ ജാമ്യ ഹരജിയിൽ വിധി മാറ്റി
text_fieldsനടി രന്യ റാവു
ബംഗളൂരു: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യപ്രതി കന്നട നടി രന്യ റാവുവിന്റെ ജാമ്യ ഹരജിയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള ബംഗളൂരുവിലെ പ്രത്യേക കോടതി വിധി മാറ്റി. അന്തിമ വിധി വെള്ളിയാഴ്ച പുറപ്പെടുവിച്ചേക്കും.
നടി രന്യക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ കിരൺ ജാവലി ഹാജരായി. രന്യയുടെ അറസ്റ്റിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) ഉദ്യോഗസ്ഥർ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് അദ്ദേഹം കോടതിയിൽ വാദിച്ചു.
അറസ്റ്റിന്റെ സമയത്ത് അറസ്റ്റ് മെമ്മോ ഹാജരാക്കിയില്ലെന്നും നടപടിക്രമങ്ങൾ പാലിക്കാത്ത അറസ്റ്റായതിനാൽ തന്റെ കക്ഷിക്ക് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, നടി രന്യ റാവുവിനെതിരെ ഗുരുതരമായ കുറ്റങ്ങളാണുള്ളതെന്നും പ്രമാദമായ സ്വർണക്കടത്ത് കേസിൽ അവർക്ക് നിർണായക പങ്കാണുള്ളതെന്നും ഡി.ആർ.ഐക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കസ്റ്റഡിയിലെ ചോദ്യംചെയ്യൽ വേളയിൽ തനിക്കെതിരെ ഡി.ആർ.ഐ ഉദ്യോഗസ്ഥർ അസഭ്യവാക്കുകൾ ഉപയോഗിച്ചെന്ന രന്യയുടെ വാദം ഡി.ആർ.ഐ തള്ളി. എല്ലാ നടപടിക്രമങ്ങളും നിയമപരമായും സമാധാനപരമായും പൂർത്തിയാക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അവർ ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.