ബംഗളൂരു കോവിഡ് പ്രതിരോധം: ആശുപത്രികളിൽ മോക്ഡ്രിൽ 27ന്
text_fieldsബംഗളൂരു: കോവിഡ് പ്രതിരോധത്തിനായി മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ചൊവ്വാഴ്ച ആശുപത്രികളിൽ മോക്ഡ്രിൽ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യ മന്ത്രിമാർക്കായി വിളിച്ചുചേർത്ത യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധാകർ.
ആരോഗ്യ പ്രവർത്തകർക്കുപുറമെ ആശുപത്രി ഉപകരണങ്ങൾ, ഓക്സിജൻ ജനറേറ്റർ തുടങ്ങി എല്ലാം സജ്ജമാണെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. കരുതല്‍ ഡോസ് വിതരണം ഊർജിതമാക്കാന്‍ സംസ്ഥാനത്ത് ബോധവത്കരണം നടത്തുമെന്നും കെ. സുധാകര്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ ആശുപത്രികളിലെ ഓക്സിജന്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനം പരിശോധിക്കാനും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും മുഖ്യമന്ത്രി നിര്‍ദേശം നൽകി. മരുന്നുകളുടെ ലഭ്യതയുറപ്പിക്കാനും ആവശ്യമായ ഐ.സി.യു, വെന്റിലേറ്റര്‍ കിടക്കകള്‍ സജ്ജീകരിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. കർണാടകയിലെ മുഴുവൻ പേരും കരുതല്‍ ഡോസെടുക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു
ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മുതല്‍ കോവിഡ് പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. ചുമ, ജലദോഷം ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങളുമായും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടര്ന്നുമെത്തുന്നവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വർധിപ്പിച്ചത്. കോവിഡ് സ്ഥിരീകരിക്കുന്നവരുടെ സാംപിളുകള്‍ ജനിതക പരിശോധനക്കയക്കും.
കർണാടകയിൽ അടച്ചിട്ട മുറികളിലും എ.സി മുറികളിലും മാസ്ക് നിര്‍ബന്ധമാക്കി സർക്കാർ കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. ബസുകളിലും മെട്രോയിലും യാത്രചെയ്യുന്നവരും മുഖാവരണം ധരിക്കണം. ബി.ബി.എം.പി മാർഷലുകളുടെയും ആരോഗ്യപ്രവർത്തകരുടെയും നേതൃത്വത്തിൽ പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണം തുടങ്ങിയിട്ടുണ്ട്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ കോവിഡ് പരിശോധനക്കുള്ള സൗകര്യവും ലഭ്യമാക്കി.
സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച ആരോഗ്യ മന്ത്രി കെ. സുധാകര്‍, റവന്യൂ മന്ത്രി ആര്. അശോക എന്നിവരുമായി നടത്തുന്ന കൂടിക്കാഴ്ചക്കുശേഷമായിരിക്കും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക. ആഘോഷങ്ങള്‍ക്ക് പൂര്‍ണമായ നിരോധനമുണ്ടാകില്ലെങ്കിലും കോവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുണ്ടാകുമെന്നാണ് സൂചന.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് ബംഗളൂരു വിമാനത്താവളത്തില്‍ ശനിയാഴ്ച മുതല്‍ കോവിഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്ന ഓരോ വിമാനത്തിലെയും രണ്ടുശതമാനം യാത്രക്കാരെയാണ് ആര്.ടി.പി.സി.ആര് ടെസ്റ്റിന് വിധേയമാക്കുന്നത്.
സ്വകാര്യ ലാബിന്റെ സഹായത്തോടെയാണ് പരിശോധന. ഇതിനായി വിമാനത്താവളത്തിന്റെ രണ്ടു ടെര്‍മിനലുകളിലും സൗകര്യമൊരുക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.