ബംഗളൂരുവിലെ പ്രളയം: കണ്ണീർകാഴ്ചയായി ചേരികൾ
text_fieldsബംഗളൂരു: കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ നഗരത്തിലെ താഴ്ന്ന ഭാഗങ്ങൾ മുഴുവൻ വെള്ളത്തിലായപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളേറെയും വൻകിട റസിഡൻഷ്യൽ മേഖലകളിലെ ദുരിതത്തിന്റെയും ഐ.ടി കമ്പനികൾ സ്ഥിതിചെയ്യുന്ന മേഖലകളിലെ ദുരിതത്തിന്റേതുമായിരുന്നു. എന്നാൽ, ഇതിലും എത്രയോ മടങ്ങായാണ് അരികുവത്കരിക്കപ്പെട്ട ചേരിപ്രദേശങ്ങളിലെ ജീവിതങ്ങളെ നഗരപ്രളയം ബാധിച്ചത്.
പ്ലാസ്റ്റിക് ഷീറ്റുകൾ നാലുകാലിൽ വലിച്ചുകെട്ടിയ ഒറ്റക്കൂരകളിൽ അന്തിയുറങ്ങിയിരുന്ന കുടുംബങ്ങൾ ഒരൊറ്റ രാത്രിയിലെ പെരുമഴയിൽ വഴിയാധാരമാവുകയായിരുന്നു. വസ്ത്രങ്ങളും വീട്ടുസാധനങ്ങളുമടക്കം സകലതും മഴയിൽ കുതിർന്നപ്പോൾ നിസ്സഹായരായി കുടിലുകൾക്കുമുന്നിലെ വെള്ളക്കെട്ടിൽ അവർ നിന്നു. നെഞ്ചോളം വെള്ളത്തിൽ മുങ്ങി തങ്ങൾ കഴിഞ്ഞിട്ടും അധികൃതരാരും തിരിഞ്ഞുനോക്കിയില്ലെന്ന് അവർ സങ്കടത്തോടെ പറയുന്നു. പ്രളയം വന്നതോടെ കുറച്ചു കുടുംബങ്ങൾ തൊട്ടടുത്ത മറ്റൊരു സ്ഥലത്തേക്ക് മാറി. ബാക്കിയുള്ളവർ ഇപ്പോഴും വെള്ളക്കെട്ടിൽ കഴിയുകയാണ്.
ചേരി മുഴുവൻ നിറഞ്ഞുകിടക്കുന്ന മാലിന്യം നിറഞ്ഞ കറുത്തവെള്ളത്തിൽ പെരുച്ചാഴിയും മറ്റു ജീവികളും ചത്തുവീർത്ത് വെള്ളക്കെട്ടിലൂടെ ഒഴുകി നടക്കുന്നതാണ് കാഴ്ച. കുട്ടികളടക്കം ഈ സാഹചര്യത്തിലാണ് കഴിയുന്നത്. നഗരത്തിൽ പ്ലാസ്റ്റിക് കുപ്പികളും കടലാസും മറ്റു ആക്രിവസ്തുക്കളും പെറുക്കി ഉപജീവനം കണ്ടെത്തുന്നവരും വേതനം കുറഞ്ഞ കൂലിത്തൊഴിലിലേർപ്പെട്ടവരുമടക്കമുള്ള നൂറുകണക്കിന് കുടുംബങ്ങളാണ് മുനെകലോല, കരിയമന അഗ്രഹാര, ബെലന്തൂർ, മാറത്തഹള്ളി തുടങ്ങിയ മേഖലകളിലെ ചേരികളിലാണ് മഴ ദുരിതം തീർത്തത്. കാരുണ്യ ഹസ്തവുമായി സന്നദ്ധ സംഘടനകൾ മൂന്നുനേരം എത്തിച്ചുനൽകുന്ന ഭക്ഷണമാണ് അവർക്കാകെ ലഭിക്കുന്നത്. ബംഗളൂരുവിലെ ഹിറ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘം മുനേകലോല, കരിയമന അഗ്രഹാര മേഖലകൾ സന്ദർശിച്ച് സഹായ പ്രവർത്തനങ്ങൾ നടത്തി. കുടിലുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് താൽക്കാലിക താമസസ്ഥലങ്ങൾ ഒരുക്കി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.