മെട്രോ ട്രെയിനുമുന്നിൽ ചാടി യുവാവ് മരിച്ചു; രണ്ടു മണിക്കൂർ സർവിസ് തടസ്സപ്പെട്ടു
text_fieldsബംഗളൂരു: നമ്മ മെട്രോ ട്രാക്കിൽ ട്രെയിനു മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു. നാഷനൽ സ്കൂൾ ഓഫ് ലോ വിദ്യാർഥിയായ മുംബൈ സ്വദേശി ധ്രുവ് തക്കാർ (19) ആണ് മരിച്ചത്.
പർപ്പിൾ ലൈനിൽ അത്തിഗുപ്പെ സ്റ്റേഷനിൽ വ്യാഴാഴ്ച ഉച്ചക്ക് 2.10നാണ് സംഭവം. സ്റ്റേഷനിലേക്ക് ട്രെയിൻ അടുക്കവെ യുവാവ് മനഃപൂർവം ട്രാക്കിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് വ്യാഴാഴ്ച രണ്ടു മണിക്കൂറോളം പർപ്പിൾ ലൈനിൽ മാഗഡി റോഡ് - ചല്ലഘട്ടെ സ്റ്റേഷനുകൾക്കിടയിൽ മെട്രോ സർവിസ് തടസ്സപ്പെട്ടു.
ട്രെയിനിനടിയിൽനിന്ന് കുടുങ്ങിയ മൃതദേഹം ഏറെ പണിപ്പെട്ട് രണ്ടു മണിക്കൂറോളമെടുത്താണ് പുറത്തെടുത്തത്. ഉടലും തലയും വേർപ്പെട്ട നിലയിലായിരുന്നു. മൃതദേഹവും വലിച്ച് ഏതാനും മീറ്റർ സഞ്ചരിച്ച ശേഷമാണ് ട്രെയിൻ നിന്നത്. പുറത്തെടുത്ത മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
അപകടത്തിൽ ഉൾപ്പെട്ട ട്രെയിനിൽനിന്ന് മുഴുവൻ യാത്രികരെയും പുറത്തിറക്കി പകരം സംവിധാനം ഏർപ്പെടുത്തി. മാഗഡി റോഡ് - ചല്ലഘട്ടെ സ്റ്റേഷനുകൾക്കിടയിൽ സർവിസ് റദ്ദാക്കിയതോടെ യാത്രക്കാർ വലഞ്ഞു. മെട്രോ റദ്ദാക്കിയതിന്റെ കാരണം പോലും അറിയിച്ചില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
2.45 ഓടെ ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബി.എം.ആർ.സി.എൽ) എക്സിൽ ഇതു സംബന്ധിച്ച അറിയിപ്പ് നൽകി. മാഗഡി റോഡ് മുതൽ വൈറ്റ് ഫീൽഡ് വരെയാണ് ഈ സമയം പർപ്പിൾ ലൈനിൽ സർവിസ് നടത്തിയത്. പിന്നീട് മൃതദേഹം നീക്കിയ ശേഷം 4.15 ഓടെ ലൈനിൽ പതിവുപോലെ സർവിസ് പുനരാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.