ഓണാഘോഷത്തിരക്കിൽ ബംഗളൂരു മലയാളികൾ
text_fieldsബംഗളൂരു: മറുനാട്ടിൽ തിരുവോണം കഴിഞ്ഞാലും ആഘോഷം നിലക്കുന്നില്ല. ബംഗളൂരു മലയാളികളുടെ ഓണാഘോഷം ഇനിയും ആഴ്ചകൾ നീണ്ടുനിൽക്കും. അവധിദിനമായ ഞായറാഴ്ച നിരവധി സംഘടനകളുടെ നേതൃത്വത്തിലുള്ള ആഘോഷം വിവിധയിടങ്ങളിലായി നടക്കുന്നുണ്ട്.
ബെൽമ ഓണാഘോഷം
ബംഗളൂരു: ബെൽമ ഓണാഘോഷത്തോടനുബന്ധിച്ച് സെപ്റ്റംബർ 25ന് രാവിലെ എട്ടിന് നടത്തുന്ന പൂക്കള മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 9886288673 (പ്രശാന്ത്), 8792768516 (വിനീത്) എന്നീ നമ്പറിൽ 20ന് മുമ്പ് പേര് നൽകണമെന്ന് ഭാരവാഹികൾ അറിയിച്ചു.
സുവർണ കർണാടക കേരള സമാജം ഓണാഘോഷം ഇന്ന്
ബംഗളൂരു: സുവർണ കർണാടക കേരള സമാജം കൊത്തന്നൂർ സോണിന്റെ നേതൃത്വത്തിൽ ഓണാഘോഷം 'വർണങ്ങൾ-2022' ഞായറാഴ്ച നടക്കും. സുവർണ കർണാടകക്ക് കീഴിലെ സുവർണ ക്ലിനിക്കിന് ഫണ്ട് ശേഖരണംകൂടി ലക്ഷ്യമിട്ട് നടത്തുന്ന പരിപാടി സാം പാലസ് ഓഡിറ്റോറിയത്തിലാണ് അരങ്ങേറുക. മന്ത്രി ബി.എ. ബസവരാജ്, കേരളത്തിൽനിന്നുള്ള മന്ത്രി കെ. രാധാകൃഷ്ണൻ, എം.എൽ.എമാരായ പി.സി. വിഷ്ണുനാഥ്, അരവിന്ദ് ലിംബാവലി, കവി മുരുകൻ കാട്ടാക്കട, എൻ. ബൈരതി രമേശ് എന്നിവർ പങ്കെടുക്കും. നടി സ്വാസികയും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ, ഓണസദ്യ എന്നിവയുണ്ടാകും.
കൈരളി കലാസമിതി ആഘോഷം ഇന്ന്
ബംഗളൂരു: കൈരളി കലാസമിതിയുടെ ഓണാഘോഷം ഞായറാഴ്ച വിമാനപുര കൈരളി നിലയം ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിൽ മന്ത്രി ബൈരതി ബസവരാജ് പങ്കെടുക്കും. രാവിലെ എട്ടിന് പൂക്കള മത്സരത്തോടെ പരിപാടി തുടങ്ങും. 11ന് നടക്കുന്ന പൊതുസമ്മേളനത്തിൽ നടൻ പ്രേംകുമാർ, സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ, മേള വിദഗ്ധൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ തുടങ്ങിയവർ പങ്കെടുക്കും. ഓണസദ്യക്ക് ശേഷം വൈകീട്ട് മൂന്നിന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാറും സംഘവും അവതരിപ്പിക്കുന്ന ട്രിപ്പിൾ തായമ്പക, വൈകീട്ട് ആറിന് പിന്നണി ഗായകൻ അനൂപ് ശങ്കറും സംഘവും നയിക്കുന്ന ഗാനമേള എന്നിവയുണ്ടാകും.
റോട്ടറി ബംഗളൂരു ഇന്ദിര നഗർ
ബംഗളൂരു: റോട്ടറി ബംഗളൂരു ഇന്ദിര നഗറിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ഞായറാഴ്ച നടക്കും. ലാവെല്ലെ റോഡ് ദ റോട്ടറി ഹൗസ് ഓഫ് ഫ്രൻഡ്ഷിപ്പിൽ നടക്കുന്ന ആഘോഷത്തിൽ രാവിലെ പൂക്കളമൊരുക്കും. ഓണസദ്യക്കുപുറമെ നർത്തകി ശാന്തിമേനോൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, ഓണം സ്കിറ്റ്, നൃത്തപരിപാടികൾ, ഗാനമേള, തായമ്പക എന്നിവയുണ്ടാകും.
ബംഗളൂരു മലയാളി ഫോറം
ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിന്റെ പത്താമത് വാർഷികവും ഓണാഘോഷവും ഞായറാഴ്ച നടക്കും. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറു വരെ എസ്.ജി പാളയ ജീവൻജ്യോതി ഒ.എ.സി കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ആഘോഷത്തിൽ ഓണസദ്യ, അത്തപ്പൂക്കള മത്സരം, പായസ മത്സരം, ശിങ്കാരിമേളം എന്നിവയുണ്ടാകും. അംഗങ്ങളുടെ കലാപരിപാടികൾക്കു പുറമെ അയ്യപ്പ ബൈജു നയിക്കുന്ന കോമഡി ഷോയും ടൂൺ ആൻഡ് ടോണിക്കിന്റെ ബാൻഡും ഉണ്ടാകും. കർണാടക റവന്യൂ മന്ത്രി ആർ. അശോക, മുൻ കേന്ദ്ര മന്ത്രിയും എം.പിയുമായ ഡി.വി. സദാനന്ദ ഗൗഡ, കർണാടക മുൻ ആഭ്യന്തര മന്ത്രിയും ബി.ടി.എം ലേഔട്ട് എം.എൽ.എയുമായ രാമലിംഗ റെഡ്ഡി, മുൻ സിറ്റി പൊലീസ് കമീഷണർ ഭാസ്കര റാവു, എസ്.ജി പാളയ മുൻ കോർപറേറ്റർ ജി. മഞ്ജുനാഥ് തുടങ്ങിയവർ മുഖ്യാതിഥികളാവും.
ഡി.ആർ.ഡി.ഒ ഓണാഘോഷം ഇന്ന്
ബംഗളൂരു: ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ) ഓണാഘോഷം ഇന്ന് നടക്കും. സി.വി. രാമൻ നഗർ ഡി.ആർ.ഡി.ഒ ടൗൺഷിപ് കമ്യൂണിറ്റി ഹാളിലാണ് പരിപാടി. രാവിലെ 10.30ന് പൂക്കള മത്സരം. സി.എ.ബി.എസ് ഡയറക്ടർ ഡോ. കെ. രാജലക്ഷ്മി മേനോൻ ഉദ്ഘാടനം ചെയ്യും. ഓണസദ്യ, കരോക്കെ ഗാനമേള എന്നിവയുണ്ടാകും. വൈകീട്ട് 5.30ന് പൊതുസമ്മേളനം ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ. ടെസ്സി തോമസ് മുഖ്യാതിഥിയാകും. ശ്രീലാൽ ശ്രീധർ അധ്യക്ഷത വഹിക്കും. തുടർന്ന് ഓണനിലാവ് എന്ന പേരിൽ കലാപരിപാടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.