ചികിത്സ കിട്ടാതെ ശിശു മരിച്ചു; പ്രതിഷേധവുമായി രക്ഷിതാക്കൾ
text_fieldsമരിച്ച കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ആശുപത്രിക്കുമുന്നിൽ നടത്തിയ പ്രതിഷേധം
ബംഗളൂരു: ബംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (ബിംസ്) കീഴിലുള്ള കൗൾ ബസാർ ബട്ടി ആശുപത്രിയിൽ 16 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഡോക്ടർമാരുടെ അശ്രദ്ധ മൂലം ചികിത്സ ലഭിക്കാതെയാണ് മരണമെന്ന് ആരോപിച്ച് കുട്ടിയുടെ മാതാപിതാക്കളും കന്നട അനുകൂല പ്രവർത്തകരും ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.
ഡോക്ടർമാർ കൃത്യസമയത്ത് ആശുപത്രിയിൽ വരുന്നില്ലെന്നും ആഴ്ചയിൽ ഒരിക്കൽ മാത്രമേ വരുന്നുള്ളൂവെന്നും ഉച്ചവരെയാണ് ജോലി ചെയ്യുന്നതെന്നും സമരക്കാർ ആരോപിച്ചു. ആശുപത്രിയിൽ വരുന്ന രോഗികളെ അവർ സ്വന്തം സ്വകാര്യ ആശുപത്രിയിലേക്ക് അയക്കുന്നതായും പ്രസവസമയത്ത് നിരവധി കുഞ്ഞുങ്ങൾ മരിക്കുന്നതായും കുട്ടിയുടെ മരണത്തിന് ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർമാർ നേരിട്ട് ഉത്തരവാദികളാണെന്നും അവർ ആരോപിച്ചു.
മേലുദ്യോഗസ്ഥർ ഈ വിഷയം അന്വേഷിച്ച് മെഡിക്കൽ ഓഫിസർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും മരിച്ച കുട്ടിയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. സംഭവസ്ഥലത്തെത്തിയ ബംഗളൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടർ ഗംഗാധർ ഗൗഡ പോസ്റ്റ്മോർട്ടം പരിശോധന നടത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും ഉറപ്പുനൽകി. എന്നാൽ, മാതാപിതാക്കൾ ഇതിന് വഴങ്ങിയില്ല. പൊലീസുമായും മെഡിക്കൽ ഓഫിസർമാരുമായും നടത്തിയ ചർച്ചക്കുശേഷമാണ് മാതാപിതാക്കൾ പ്രതിഷേധം അവസാനിപ്പിച്ചത്.
കടുത്ത പനിയും വയറുവേദനയും മൂലമാണ് കുട്ടി മരിച്ചത് എന്ന് ബിംസ് ഡയറക്ടർ ഗംഗാധർ ഗൗഡ പറഞ്ഞു. മൂന്നുദിവസം മുമ്പ് ബിംസിൽ പ്രവേശിപ്പിച്ച് ചികിത്സയിലായിരുന്നു കുഞ്ഞ്. ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. തങ്ങൾ കേസ് ഗൗരവമായി എടുത്തിട്ടുണ്ട്. ജീവനക്കാരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ചയുണ്ടായതായി കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.