ബംഗളൂരു: കുടിവെള്ള പ്രശ്നത്തിൽ ആശ്വാസം; നഗരത്തിൽ ഇനി കൂടുതൽ കാവേരി വെള്ളമെത്തും
text_fieldsബംഗളൂരു: നഗരത്തിലെ കുടിവെള്ള പ്രശ്നത്തിൽ ആശ്വാസമായി ഇനി കൂടുതൽ കാവേരി വെള്ളമെത്തും. നഗരത്തിൽ ആറ് ഘനയടി വെള്ളംകൂടി ലഭ്യമാക്കാൻ സര്‍ക്കാര്‍ തീരുമാനമായതോടെയാണിത്. നഗരത്തിലെ കുടിവെള്ള പ്രശ്നം ഒരുപരിധി വരെ ഇതിലൂടെ പരിഹരിക്കപ്പെടും.
ബംഗളൂരുവിലും സമീപ പ്രദേശങ്ങളിലുമായി വര്‍ഷത്തില്‍ 24 ഘനയടി വെള്ളം ഉപയോഗിക്കാനാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നിലവില്‍ 18 ഘനയടി വെള്ളമാണ് ബംഗളൂരുവില്‍ ഉപയോഗിക്കുന്നത്. നഗരത്തിൽ കുടിവെള്ള ആവശ്യത്തിന് 24 ഘനയടി വെള്ളം ഉപയോഗിക്കാമെന്ന് 2018ല്‍ സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.
കുഴല്‍ക്കിണറുകളിലും വെള്ളം കുറഞ്ഞുവരുന്നതിനാല്‍ കാവേരി വെള്ളം കൂടുതലായി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ബംഗളൂരുവിലേക്ക് ആവശ്യമായ അധിക വെള്ളം കെ.ആര്.എസ് അണക്കെട്ടിലോ കാവേരി നദിയുടെ ഏതെങ്കിലും ഭാഗത്തോ സംരക്ഷിച്ചുവെക്കാനാണ് ലക്ഷ്യമിടുന്നത്.
നഗരത്തിന്റെ പലഭാഗങ്ങളിലും കുഴല്‍ക്കിണര്‍ കുഴിച്ചിട്ടും വെള്ളം കിട്ടാത്ത അവസ്ഥയുമുണ്ട്. അതേസമയം, ആവശ്യത്തിന് വെള്ളമുള്ള തടാകങ്ങള്‍ക്ക് സമീപത്തെ പ്രദേശങ്ങളില്‍ കുഴല്‍ക്കിണറുകളില്‍ വെള്ളം ലഭ്യമാകുന്നുണ്ട്. കുടിവെള്ളത്തിനായി സ്വകാര്യ വാട്ടര്‍ ടാങ്കറുകളെ ആശ്രയിക്കുന്നവരും നിരവധിയാണ്.
ബംഗളൂരുവില്‍ ആറു ഘനയടി കാവേരി വെള്ളം അധികം ഉപയോഗിക്കുന്നത് തമിഴ്നാടിന്റെ എതിര്‍പ്പിന് ഇടയാക്കാനുള്ള സാധ്യതയുണ്ട്. കുടിവെള്ളത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും സുപ്രീംകോടതിയുടെ ഉത്തരവ് അനുസരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് എന്നുമാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറയുന്നത്.
ബംഗളൂരുവിലും സമീപ ജില്ലകളിലും കുടിവെള്ളം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള മേക്കെദാട്ടു പദ്ധതികൂടി യാഥാര്‍ഥ്യമായാല്‍ നഗരത്തിലെ ജലപ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ബംഗളൂരുവിന്റെ എല്ലാ ഭാഗങ്ങളും അനുദിനം വികസിക്കുന്നതിനാല്‍ വെള്ളത്തിന്റെ ആവശ്യവും കൂടിവരുകയാണ്.
ഇതിനാല്‍ കൂടുതല്‍ കാവേരി വെള്ളം അത്യാവശ്യമാണ്. നഗരത്തിലെ 144 തടാകങ്ങളില്‍ 50 തടാകങ്ങളിലും 30 ശതമാനത്തില്‍ താഴെ വെള്ളമേ ഉള്ളൂ. 43 തടാകങ്ങളില്‍ സംഭരണ ശേഷിയുടെ 50 ശതമാനം വെള്ളമേ ഉള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.