ബംഗളൂരു നഗരവികസന പദ്ധതി: 108 കോടി വകമാറ്റിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്
text_fieldsബംഗളൂരു: ചെറുകിട നഗരങ്ങളുടെ വികസനത്തിനുവേണ്ടി കർണാടക സര്‍ക്കാര്‍ ആവിഷ്കരിച്ച ‘നഗരോത്ഥാന’ പദ്ധതിയുടെ ഫണ്ടില്‍നിന്ന് 108 കോടി രൂപ നഗരസഭകള്‍ വകമാറ്റി ചെലവിട്ടതായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട്. ബെള്ളാരി, തുമകൂരു, വിജയപുര നഗരസഭകളാണ് തുക വകമാറ്റിയത്. 1000 കോടി രൂപ പദ്ധതിയനുസരിച്ച് സംസ്ഥാനത്തെ 10 നഗരസഭകള്‍ക്ക് അനുവദിച്ചിരുന്നു.
റോഡ്, മേൽപാലം, കളിസ്ഥലം എന്നിവയുടെ നിര്‍മാണം, സര്‍ക്കാര്‍ ഓഫിസുകളുടെ ആധുനികവത്കരണം തുടങ്ങിയവക്കാണ് ഈ തുക വിനിയോഗിക്കേണ്ടത്. എന്നാല്‍, മൂന്നു നഗരസഭകളും സര്‍ക്കാറിന്റെ മറ്റു പദ്ധതികള്‍ക്ക് നഗരസഭ നല്‍കേണ്ട വിഹിതം നല്കാന് ഈ തുക വകമാറ്റിയെന്ന് നിയമസഭയില്‍ സി.എ.ജി. സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍, സമാനമായ വികസന പദ്ധതികള്‍ക്കുവേണ്ടിയാണ് തുക വിനിയോഗിച്ചതെന്നാണ് നഗരസഭകളുടെ വാദം. പൈപ്പുവഴി കുടിവെള്ളം വീടുകളിലെത്തിക്കുന്ന പദ്ധതിക്കും റോഡുകളുടെ അറ്റകുറ്റപ്പണിക്കുള്ള പദ്ധതിക്കുമാണ് നഗരസഭയുടെ വിഹിതമായി തുക നല്‍കിയത്. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും പദ്ധതികളായിരുന്നു ഇവയെന്നും നഗരസഭകള്‍ അറിയിച്ചു.
അതേസമയം ബെളഗാവി, ഹുബ്ബള്ളി- ധാര്‍വാഡ്, മൈസൂരു, ശിവമൊഗ്ഗ തുടങ്ങിയ നഗരസഭകളില്‍ മതിയായ യോഗ്യതയുള്ള കരാറുകാര്ക്കല്ല പദ്ധതിയനുസരിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.