അപായശ്രമം; ബംഗളൂരുവിൽ യുവതി ഓട്ടോയിൽനിന്ന് ചാടി രക്ഷപ്പെട്ടു
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിൽ രാത്രി യാത്ര ചെയ്യുന്നതിനിടെ അപായശ്രമത്തെ തുടർന്ന് യുവതി ഓട്ടോയിൽനിന്ന് ചാടി രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി ഹൊരമാവിൽനിന്ന് തനിസാന്ദ്രയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഇതുസംബന്ധിച്ച് യുവതിയുടെ ഭർത്താവ് സമൂഹമാധ്യമത്തിലിട്ട പോസ്റ്റിലാണ് സംഭവം സംബന്ധിച്ച വെളിപ്പെടുത്തൽ. നമ്മ യാത്രി ആപ് വഴിയാണ് ഭാര്യ ഓട്ടോ ബുക്ക് ചെയ്തതെന്ന് ഭർത്താവ് അസ്ഹർ ഖാൻ എക്സിലെ പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ഡ്രൈവർ മദ്യപിച്ചിരുന്നു.
അയാൾ ലൊക്കേഷൻ തെറ്റിച്ച് ഹെബ്ബാൾ ഭാഗത്തേക്ക് ഓട്ടോ കൊണ്ടുപോയി. വാഹനം നിർത്താൻ യുവതി തുടർച്ചയായി ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ സമ്മതിച്ചില്ല. ഇതൊടെ യുവതി ഓട്ടോയിൽനിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. ആപ്പിൽ പരാതിപ്പെടാൻ ശ്രമിച്ചെങ്കിലും കസ്റ്റമർ കെയർ കോൺടാക്ട് നമ്പർ ആപ്പിൽനിന്ന് ലഭിച്ചില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
24 മണിക്കൂർ കാത്തിരിക്കാനാണ് ആപ്പിലെ ചാറ്റ് ബോക്സിൽനിന്ന് ലഭിച്ച മറുപടി. അടിയന്തര സാഹചര്യങ്ങൾ വരുമ്പോൾ എങ്ങനെയാണ് 24 മണിക്കൂർ കാത്തുനിൽക്കുകയെന്ന് അവർ ചോദിച്ചു. ബംഗളൂരു പൊലീസ് വിഷയത്തിൽ ഉടൻ നടപടി സ്വീകരിച്ചു.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എക്സിലെ പോസ്റ്റിന് നമ്മ യാത്രി അധികൃതരും മറുപടിയുമായെത്തി. ഇത്തരമൊരു ദുരനുഭവമുണ്ടായതിൽ ക്ഷമ ചോദിക്കുന്നെന്നും യാത്രയുടെ വിവരങ്ങൾ കൈമാറുന്ന പക്ഷം ഉടൻ നടപടി സ്വീകരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.