നടപ്പാതയിൽനിന്ന് ബെസ്കോം നീക്കിയത് 1554 ട്രാന്‍സ്ഫോര്‍മറുകൾ
text_fieldsബെസ്കോമിന്റെ അനാസ്ഥക്കെതിരെ നവഭാരത് പാർട്ടി പ്രവർത്തകർ നടത്തിയ
പ്രതിഷേധം- ഫയൽ
ബംഗളൂരു: നഗരത്തില്‍ ഇതുവരെ 1554 ട്രാന്‍സ്ഫോര്‍മറുകൾ നടപ്പാതയിൽനിന്ന് മാറ്റി സ്ഥാപിച്ചതായി ബംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) കര്‍ണാടക ഹൈകോടതിയെ അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബര്‍ മുതലുള്ള കണക്കാണിത്. ശേഷിക്കുന്ന 1033 ട്രാന്‍സ്ഫോര്‍മർ ഈ വര്‍ഷം സെപ്റ്റംബറോടെ മാറ്റിസ്ഥാപിക്കുമെന്നും അറിയിച്ചു.
റോഡുകളിലും നടപ്പാതകളിലും വൈദ്യുതിതൂണുകളും ട്രാൻസ്ഫോർമറുകളും സ്ഥാപിക്കുന്നത് അപകടങ്ങൾക്ക് വഴിവെക്കുന്നതായും ഇത് മനുഷ്യാവകാശ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി വിരമിച്ച വിങ് കമാന്‍ഡര്‍ ജി.ബി. അത്രി സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി കോടതിയുടെ പരിഗണനയിലാണ്.
ആകെ കണ്ടെത്തിയ 2587 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മര്‍ സെന്ററുകളില്‍ (ഡി.ടി.സി) ശേഷിക്കുന്ന 1033 ഡി.ടി.സികള്‍ മാറ്റിയതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കുമെന്ന് ബെസ്കോം കോടതിയെ അറിയിച്ചു.
ചീഫ് ജസ്റ്റിസ് പ്രസ ബി. വരാലെ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് പ്രതിമാസ സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബെസ്കോമിനോട് ആവശ്യപ്പെട്ടു. ഹരജി വാദംകേള്‍ക്കുന്നത് മാറ്റി. ട്രാന്‍സ്ഫോര്‍മര്‍ ഫുട്പാത്തില്‍ സ്ഥാപിച്ചിരിക്കുന്നതായും പരിസരപ്രദേശം പാഴ്വസ്തുക്കള് സൂക്ഷിക്കുന്നതായുമുള്ള പരാതിയിൽ ഇക്കാര്യം പരിശോധിക്കാന്‍ ബെസ്കോമിന്റെയും ബി.ബി.എം.പിയുടെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട സമിതിയെ കോടതി ചുമതലപ്പെടുത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.