ബെസ്കോം പൂർണ സുതാര്യത സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നു
text_fieldsബംഗളൂരു: വൈദ്യുതി വിതരണ കമ്പനി ‘ബെസ്കോമി’ന്റെ അധികാരപരിധിയിലുള്ള പുതിയ ഇലക്ട്രിക്കൽ സജ്ജീകരണങ്ങളിൽ പൂർണ സുതാര്യതയോടെയും ശാസ്ത്രീയ വിലനിർണയ ഘടനയോടെയും സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുമെന്ന് മാനേജിങ് ഡയറക്ടർ എൻ. ശിവശങ്കര തിങ്കളാഴ്ച വാർത്തസമ്മേളനത്തിൽ പറഞ്ഞു.
നിലവിലുള്ള ഉപഭോക്താക്കൾക്കും സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനുള്ള അവസരം ലഭിക്കും. മാർച്ച് ആറിന് കർണാടക വൈദ്യുതി നിയന്ത്രണ കമീഷൻ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു.
ഈ മാർഗനിർദേശങ്ങൾ അനുസരിച്ച് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതും മാറ്റിസ്ഥാപിക്കുന്നതും ഘട്ടംഘട്ടമായി നടക്കും. വൈദ്യുതി ബിൽ പേമെന്റുകൾക്കും തത്സമയ വൈദ്യുതി ഉപയോഗ ഡേറ്റക്കുമായി ഡിജിറ്റൽ സമീപനത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഊർജ വകുപ്പിന്റെ സ്മാർട്ട് മീറ്റർ പദ്ധതി. സ്മാർട്ട് മീറ്ററുകൾ മീറ്ററിനും ബില്ലിങ്ങിനുമുള്ള പ്രശ്നങ്ങൾക്കുള്ള പരിഹാരം മാത്രമല്ല, ഉപഭോക്താക്കൾക്ക് അവരുടെ വൈദ്യുതി ഉപയോഗം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുള്ള ഒരു ഉപകരണം കൂടിയാണ്.
ഈ സംവിധാനം ടി.ഒ.ഡി (ടൈം ഓഫ് ഡേ) നിരക്കുകൾ, റിമോട്ട് റീഡിങ്, ഓട്ടോ കണക്ഷൻ, ഡിസ്കണക്ഷൻ എന്നിവ പ്രാപ്തമാക്കുന്നു. വൈദ്യുതി തടസ്സമുണ്ടായാൽ വൈദ്യുതി വിതരണ കമ്പനിക്ക് ഉടനടി അപ്ഡേറ്റുകൾ ലഭിക്കുകയും വൈദ്യുതി പുനഃസ്ഥാപന പ്രക്രിയ കാര്യക്ഷമമാക്കുകയും വേഗത്തിലാക്കുകയും ചെയ്യും.
മിക്ക സംസ്ഥാനങ്ങളും നവീകരിച്ച വിതരണ മേഖല പദ്ധതി സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ആർ.ഡി.എസ്.എസ് പ്രകാരം വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ധനസഹായത്തിന്റെ 60 ശതമാനം കേന്ദ്ര സർക്കാർ നൽകും. സ്മാർട്ട് മീറ്ററുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള മൊത്തം ചെലവിന്റെ 15 ശതമാനം അഥവാ 900 രൂപ കേന്ദ്ര സർക്കാറാണ് നൽകുക.
സംസ്ഥാന സർക്കാറുകൾ അതത് വൈദ്യുതി വിതരണ കമ്പനികൾക്ക് നൽകാനുള്ള സബ്സിഡികൾ അടച്ചുതീർത്താൽ മാത്രമേ അവർക്ക് പ്രയോജനം ലഭിക്കൂ എന്ന് പദ്ധതി വ്യവസ്ഥ ചെയ്യുന്നു. എല്ലാ ഉപഭോക്താക്കളും സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കേണ്ടത് നിർബന്ധമായിരുന്നു. കർണാടക സർക്കാർ ഈ വ്യവസ്ഥകൾ അംഗീകരിക്കാത്തതിനാൽ, കേന്ദ്ര ആർ.ഡി.എസ്.എസ് പദ്ധതി അംഗീകരിച്ചില്ലെന്ന് ശിവശങ്കര പറഞ്ഞു. ഈ സംസ്ഥാനങ്ങളിൽ, വൈദ്യുതി വിതരണ കമ്പനികൾ ഉപഭോക്താക്കൾക്കായി സ്മാർട്ട് മീറ്ററുകൾ വാങ്ങി സ്ഥാപിക്കുന്നു.
തുടർന്ന് മീറ്ററുകളുടെ വിലയും അവയുടെ സാങ്കേതിക അറ്റകുറ്റപ്പണികളും വൈദ്യുതി താരിഫിൽ ഉൾപ്പെടുത്തി വീണ്ടെടുക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ ഊർജ വകുപ്പ് അഡീ. ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്ത, കർണാടക പവർ കോർപറേഷൻ ലിമിറ്റഡ് (കെ.പി.സി.എൽ) മാനേജിങ് ഡയറക്ടർ പങ്കജ് കുമാർ പാണ്ഡെ എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.