ചരിത്രം കുറിച്ച് ഭാരത് ജോഡോ യാത്ര ബെള്ളാരിയിൽ
text_fieldsബംഗളൂരു: ചരിത്രം കുറിച്ച് ഭാരത് ജോഡോ യാത്ര ബെള്ളാരിയിൽ പ്രവേശിച്ചു. വെള്ളിയാഴ്ച രാവിലെ ചിത്രദുർഗയിലെ രാംപുരയിൽനിന്ന് ആരംഭിച്ച ജാഥ ആന്ധ്ര അതിർത്തി കടന്ന് വൈകീട്ടോടെ ബെള്ളാരി ജില്ലയിൽ തിരികെ പ്രവേശിച്ചു. വൻ ജനാവലിയാണ് രാഹുൽ ഗാന്ധിയെ കാത്ത് ബെള്ളാരിയിലുണ്ടായിരുന്നത്. ജില്ലാ അതിർത്തിയായ ഹാലകിനിയിൽനിന്ന് ജാഥയെ സ്വീകരിച്ചാനയിച്ചു.
വെള്ളിയാഴ്ച രാത്രി ബെള്ളാരിയിലെ ഗ്രാമത്തിൽ തങ്ങിയശേഷം രാഹുൽ ഗാന്ധി ശനിയാഴ്ച രാവിലെ ബെള്ളാരിനഗരത്തിലെത്തും. ബെള്ളാരി മുനിസിപ്പൽ മൈതാനത്ത് മൂന്ന് ലക്ഷത്തോളം പേർ പങ്കെടുക്കുന്ന റാലി അരങ്ങേറും. ശ്രീരാമ, ലക്ഷ്മണ, നാരദ വേഷധാരികളും പദയാത്രക്ക് അകമ്പടിയേകി. വേഷധാരികളെ രാഹുൽ ഗാന്ധി ഹസ്തദാനം ചെയ്തു. ബെള്ളാരി നഗരത്തിൽ പ്രവേശിക്കുന്നതോടെ ഭാരത് ജോഡോ യാത്ര 1000 കിലോമീറ്റർ എന്ന നാഴികക്കല്ല് പിന്നിടും. സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽനിന്നാരംഭിച്ച യാത്ര തമിഴ്നാടും കേരളവും കടന്നാണ് കർണാടകയിലെ ചാമരാജ് നഗറിൽ പ്രവേശിച്ചത്. യാത്ര ലക്ഷ്യത്തിലെത്തുമ്പോൾ 3500 കിലോമീറ്ററാണ് പൂർത്തിയാക്കുക. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ പദയാത്ര കൂടിയാണിത്.
ഗുജറാത്തിലെ സബർമതി ആശ്രമത്തിൽനിന്ന് നവസാരിയിലെ ദണ്ഡിയിലേക്ക് ഉപ്പുസത്യഗ്രഹത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ 389 കിലോമീറ്റർ കാൽനടയാത്ര 24 ദിവസംകൊണ്ടാണ് പൂർത്തിയാക്കിയത്. കർണാടകയിൽ ഇതുവരെ ഒന്നര ലക്ഷം പേർ ഭാരത് ജോഡോ യാത്രയിൽ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.