ബിദർ കൊള്ളയും കൊലയും: പൊലീസ് പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടു
text_fieldsപൊലീസ് പുറത്തുവിട്ട പ്രതികളുടെ പടങ്ങൾ
ബംഗളൂരു: കഴിഞ്ഞ മാസം എ.ടി.എമ്മിൽ നിറക്കാനുള്ള പണവുമായി സഞ്ചരിച്ച വാൻ ഗാർഡിനെ വെടിവച്ചുകൊന്ന് കവർച്ച നടത്തിയ സംഭവത്തിൽ ബൈക്കിലെത്തിയ രണ്ട് കൊള്ളക്കാരുടെ ചിത്രങ്ങൾ കർണാടക പൊലീസ് ഞായറാഴ്ച പുറത്തുവിട്ടു. പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുമുണ്ട്.
ബിഹാറിലെ വൈശാലി ജില്ലയിൽ ഫത്തേപൂർ ഫുൽവാരിയ നിവാസിയായ അമൻ കുമാർ, ഇതേ ജില്ലയിലെ ജനധഹയ്ക്കടുത്തുള്ള മഹിസൗർ നിവാസിയായ അലോക് കുമാർ എന്നറിയപ്പെടുന്ന അശുതോഷ് അംബാനി എന്നിവരെ കവർച്ചയും കൊലപാതകവുമായി ബന്ധപ്പെട്ട് തിരയുന്നുണ്ടെന്ന് കർണാടക പൊലീസ് പറഞ്ഞു.അമൻ കുമാറിനെയും അലോക് കുമാറിനെയും അറസ്റ്റ് ചെയ്യുന്നതിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ബിദർ പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
വിവരങ്ങൾ നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയിട്ടുണ്ട്.വിവരങ്ങൾ താഴെ പറയുന്ന കോൺടാക്റ്റ് നമ്പറുകളിൽ നൽകണമെന്ന് പൊലീസ് അഭ്യർഥിച്ചു. ഡി.ഐ.ജി.പി കലബുറഗി (94808 00030), എസ്.പി ബിദർ (94808 03401), ഡി.എസ്.പി ബിദർ (94808 03420). ജനുവരി 16 ന് പട്ടാപ്പകൽ ബിദർ നഗരത്തിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) മെയിൻ ബ്രാഞ്ചിന് മുന്നിലായിരുന്നു സംഭവം നടന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.