തോക്കുകളും തിരകളുമായി ബിഹാർ സഹോദരങ്ങൾ അറസ്റ്റിൽ
text_fieldsബംഗളൂരു: അനധികൃതമായി കടത്തിക്കൊണ്ടുവന്ന ആയുധങ്ങളുമായി ബിഹാർ സ്വദേശികളായ സഹോദരന്മാരെ ബംഗളൂരു ഹുളിമാവ് പൊലീസ് അറസ്റ്റ് ചെയ്തു. ആയുധങ്ങളുമായി ബൈക്കിൽ സഞ്ചരിച്ച വിദ്യാനന്ദ് സഹനി (32), ജ്യേഷ്ഠൻ പ്രേംകുമാർ സഹനി (42) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് പിസ്റ്റളുകളും വെടിയുണ്ടകളും പൊലീസ് പിടിച്ചെടുത്തു.
സഹോദരങ്ങൾ ബിഹാറിലെ ബേഗുസാരായി ജില്ലയിലെ കുംബി ഗ്രാമം സ്വദേശികളാണ്. ബംഗളൂരു എലനഹള്ളിയിലെ ബേഗൂർ കൊപ്പ റോഡില്‍ നടന്ന വാഹന പരിശോധനയിലാണ് സഹോദരന്മാർ പിടിയിലായത്. ഹാരോഹള്ളിയിലെ കെട്ടിട നിർമാണ സൈറ്റിലെ തൊഴിലാളികളായ ഇവരുടെ താമസസ്ഥലത്തുനിന്ന് ആയുധം കണ്ടെത്തിയിട്ടുണ്ട്.
ഇരുചക്രവാഹനങ്ങളിലെത്തി സ്വർണവും പണവും മോഷ്ടിക്കുന്ന പിടിച്ചുപറിക്കാരെ പിടികൂടാനായുള്ള പരിശോധനക്കിടയിലാണ് ഇവർ കുടുങ്ങിയത്. ബൈക്കില്‍ പിന്നിലിരുന്നയാളുടെ ബാഗിലായിരുന്നു തോക്കുണ്ടായിരുന്നത്. വാഹന പരിശോധനക്കിടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് തോക്കുകളും തിരകളും കണ്ടെത്തിയത്. പിസ്റ്റൾ ഇറ്റലിയിൽ നിർമിച്ചതെന്നാണ് മുദ്രണം ചെയ്തത്. രണ്ടാമത്തേത് നാടൻ തോക്കാണ്.
വിദ്യാനന്ദിനെ വിവിധ കേസുകളില്‍ നേരത്തേ പൊലീസ് പിടികൂടിയിട്ടുണ്ട്. 2018ല്‍ ബംഗളൂരുവിൽ എത്തിയ പ്രേംകുമാർ ആദ്യമായാണ് സഹോദരന്റെ ആയുധ കള്ളക്കടത്തില്‍ പങ്കുചേരുന്നതും പിടിയിലാവുന്നതുമെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍നിന്ന് നിരവധി പാൻ നമ്പറുകളും ആധാർ കാർഡുകളും ഡെബിറ്റ് കാർഡുകളും കണ്ടെടുത്തു. വിദ്യാനന്ദിന്റെ അഞ്ച് വയസ്സുള്ള മകൻ പിസ്റ്റളുകള്‍ പിടിച്ച് നില്ക്കുന്ന ചിത്രങ്ങൾ ഇയാളുടെ ഫോണില്‍നിന്ന് പൊലീസ് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.