ബിൽക്കീസ് ബാനു കേസ്: പ്രതിഷേധത്തിൽ അണിചേർന്ന് ബംഗളൂരുവും
text_fieldsബംഗളൂരു: ഗുജറാത്ത് കലാപത്തിനിടെ കൂട്ട ബലാത്സംഗത്തിനിരയാവുകയും കൂട്ടക്കൊലപാതകത്തിന് സാക്ഷിയാവുകയും ചെയ്ത ബിൽക്കീസ് ബാനുവുമായി ബന്ധപ്പെട്ട കേസിൽ മുഴുവൻ പ്രതികളെയും ഗുജറാത്ത് സർക്കാർ വിട്ടയച്ചതിനെതിരെ രാജ്യത്തുടനീളം അരങ്ങേറിയ പ്രതിഷേധനിരയിൽ അണിചേർന്ന് ബംഗളൂരുവും.
ശനിയാഴ്ച രാവിലെ 10.30ന് ബംഗളൂരു ഫ്രീഡം പാർക്കിൽ അരങ്ങേറിയ പ്രതിഷേധ ജ്വാലയിൽ നൂറുകണക്കിന് പേർ പ്ലക്കാർഡുകളുമേന്തിയെത്തി. ബിൽക്കീസ് ബാനുവിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഐക്യദാർഢ്യവുമായി മുദ്രാവാക്യമുയർത്തി.
നരേന്ദ്ര മോദിക്ക് കീഴിൽ രാജ്യത്ത് ഫാഷിസ്റ്റ് വാഴ്ചയാണ് അരങ്ങേറുന്നതെന്നും നിയമവും ഭരണസംവിധാനങ്ങളും അട്ടിമറിക്കപ്പെടുകയാണെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. വനിത സംഘടനകൾ, വിദ്യാർഥികൾ, തൊഴിലാളികൾ, പൗരാവകാശ പ്രവർത്തകർ, അഭിഭാഷകർ, സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.
രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചതിന്റെ പിറ്റേദിവസം ആഗസ്റ്റ് 16നാണ് 11 പ്രതികളെയും ഗുജറാത്ത് സർക്കാർ വിട്ടയച്ചതെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. പ്രതികാരമല്ല; നീതിയാണ് ബിൽക്കീസ് ബാനു തേടുന്നത്. രാജ്യത്തെ എല്ലാ സ്ത്രീകളും സുരക്ഷിതരായിരിക്കണം. പ്രത്യേകിച്ചും അരികുവത്കരിക്കപ്പെട്ടവർ. ബിൽക്കീസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത 11 കലാപകാരികളെയാണ് വെറുതെ വിട്ടയച്ചതെന്നത് ഞെട്ടിപ്പിക്കുന്നതാണ്. വിട്ടയച്ച പ്രതികളെ വി.എച്ച്.പി പൂമാലയിട്ട് സ്വീകരിച്ചാനയിച്ചത് അതിലേറെ ഞെട്ടലുളവാക്കുന്നതാണ്. രാജ്യത്ത് മുസ്‍ലിംകളെ രണ്ടാം കിട പൗരന്മാരായി പരിഗണിക്കുന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളിലൊന്നാണ് പ്രസ്തുത സംഭവമെന്ന് അവർ ചൂണ്ടിക്കാട്ടി.
ബംഗളൂരു നഗരത്തിന് പുറമെ, മൈസൂരു, റായ്ച്ചൂർ, രാമനഗര, ശിവമൊഗ്ഗ, ബെളഗാവി, ബിദർ, ചാമരാജ് നഗർ, ചിക്കമഗളൂരു, ഹാസൻ, കലബുറഗി, കോലാർ, മുധോൾ, യാദ്ഗിർ എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.