ബിൽകീസ് ബാനു: നീതി ആവശ്യപ്പെട്ട് 40,000 ഒപ്പുകൾ, ചീഫ് ജസ്റ്റിസിന് കത്തയച്ചു
text_fieldsബംഗളൂരു: ബിൽകീസ് ബാനു കൂട്ടബലാത്സംഗ-കൊലപാതക കേസിലെ 11 പ്രതികളെ ജയിലിൽനിന്ന് വിട്ടയച്ച നടപടിക്കെതിരെ സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ പ്രതിഷേധം. 'കർണാടക വിത് ബിൽകീസ്' കൂട്ടായ്മയുടെ നേതൃത്വത്തിൽ കർണാടകയിലെ 29 ജില്ലകളിലാണ് പ്രതികളെ ജയിലിലേക്കുതന്നെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് കാമ്പയിൻ നടത്തിയത്. ജനകീയ ഒപ്പുശേഖരണവും നടത്തിയിരുന്നു.
40,000 ത്തിലധികം ആളുകളാണ് കാമ്പയിനിൽ പങ്കെടുത്തത്. ഈ ആവശ്യമുന്നയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കൂട്ടായ്മയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ബംഗളൂരു ജനറൽ പോസ്റ്റ് ഓഫിസിൽനിന്ന് നിവേദനം അയച്ചു. നാൽപതിനായിരം പേരുടെ ഒപ്പടങ്ങിയ നിവേദനം നീതിക്കായുള്ള പോരാട്ടത്തിലെ വ്യത്യസ്ഥ ഏടായി. ബിൽകീസ് ബാനു കേസിൽ ജീവപര്യന്തം തടവിലാക്കപ്പെട്ട 11 പ്രതികൾക്ക് നൽകിയ ഇളവ് റദ്ദാക്കണമെന്നാണ് കത്തിലൂടെ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെടുന്നത്. കുറ്റവാളികളെ ജയിലിലേക്ക് തിരിച്ചയക്കുക, ബിൽകീസ് ബാനുവിനെയും കുടുംബത്തെയും കൂടുതൽ ഭീഷണികളിൽനിന്ന് സംരക്ഷിക്കുക, അവരുടെ ജീവിതം പുനരാരംഭിക്കാനും സമാധാനത്തോടെ ജീവിക്കാനും അവസരമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.
സ്ത്രീകൾ, വിദ്യാർഥികൾ, പുരുഷന്മാർ, തൊഴിലാളികൾ, പ്രഫഷനലുകൾ, ഓട്ടോ ഡ്രൈവർമാർ, വീട്ടമ്മമാർ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ കാമ്പയിൻ കാലയളവിൽ കൂട്ടായ്മ ഭാരവാഹികൾ നേരിൽകണ്ടു. ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യുകയും അവളുടെ നിശ്ചയദാർഢ്യവും പോരാട്ടവും മൂലം ജയിലിലായ കുറ്റവാളികളെ ജയിൽമോചിതരാക്കുകയും പുറത്തുവന്ന അവർക്ക് സ്വീകരണം നൽകുകയും ചെയ്ത സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് എല്ലാവരും പൊതുവിൽ അഭിപ്രായപ്പെട്ടു.
ഇത്തരം സംഭവങ്ങളിൽ ഇരയുടെയും അക്രമിയുടെയും മതം ഒരിക്കലും പരിഗണിക്കരുതെന്നും നീതി മാത്രമാണ് പരിഗണിക്കേണ്ടതെന്നും എല്ലാവരും ഒരുപോലെ അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങളിൽ നിശ്ശബ്ദരായാൽ അടുത്ത തലമുറയിലെ പെൺകുട്ടികളെ ആരുരക്ഷിക്കുമെന്നും പലരും ചോദിച്ചു. അതേസമയം മറ്റൊരു മതത്തിൽപെട്ട, മറ്റൊരു സംസ്ഥാനത്തെ സ്ത്രീയുടെ കാര്യത്തിനായി എന്തിനാണ് പ്രവർത്തിക്കുന്നതെന്നും ഒറ്റപ്പെട്ട ചിലർ ചോദിച്ചതായും ഭാരവാഹികൾ പറഞ്ഞു. തെരുവുകൾ, ചേരി സമൂഹങ്ങൾ, മാളുകൾ, അപ്പാർട്മെന്റ് സമുച്ചയങ്ങൾ, കോളജുകൾ, ക്ഷേത്രങ്ങൾ, ആരാധനാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ, മെട്രോ സ്‌റ്റേഷനുകൾ, ഓട്ടോ സ്റ്റാൻഡുകൾ തുടങ്ങിയ സ്ഥലങ്ങളിലും ആളുകളെക്കണ്ട് കാമ്പയിൻ സന്ദേശം കൈമാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.