ഉദ്യാന നഗരിയിൽ വേദനയകറ്റാൻ വീണ്ടും കാൽ ലക്ഷം ബിരിയാണിയുമായി എ.ഐ കെ.എം.സി.സി
text_fieldsബംഗളൂരു: ഓള് ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി-ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി പാലിയേറ്റിവ് കെയർ ഫണ്ട് സമാഹരണത്തിനുവേണ്ടി നടത്തുന്ന രണ്ടാമത് ബിരിയാണി ചലഞ്ച് ഞായറാഴ്ച ജയനഗര്‍ ഈദ് ഗാഹ് മൈതാനിയിൽ നടക്കും. കാൽ ലക്ഷം ബിരിയാണിയാണ് ഇതിന്റെ ഭാഗമായി വിതരണം ചെയ്യുന്നത്.
ബംഗളൂരു കേന്ദ്രീകരിച്ചു നടക്കുന്ന കേരള മോഡല്‍ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനായി ഫണ്ട് സമാഹരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്. ഓരോ മാസവും കാന്‍സര്‍, പക്ഷാഘാതം, കിടപ്പു രോഗികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് രോഗികള്‍ക്കാണ് ഇതിന്റെ പരിചരണം ലഭിക്കുന്നത്. ഡോക്ടര്‍, നഴ്സ്, മരുന്നുകള്‍ ഉള്‍പ്പെടെയുളള എല്ലാ സേവനങ്ങളും തീര്‍ത്തും സൗജന്യമായാണ് നല്‍കിവരുന്നത്.
ബംഗളൂരു നഗരത്തിന്റെ ഏതു കോണിലുമുള്ള മലയാളിക്കും അടിയന്തര ഘട്ടങ്ങളില്‍ സഹായമെത്തിക്കാവുന്ന തരത്തില്‍ എ.ഐ കെ.എം.സി.സി പ്രവര്‍ത്തകരുടെ ശൃംഖല വളര്‍ന്നത് വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിലൂടെയാണ്. ഈ വളന്റിയര്‍ നെറ്റവര്‍ക്കിന്റെ ബലത്തിലാണ് ബിരിയാണി ചലഞ്ച് പോലുള്ള വെല്ലുവിളി നിറഞ്ഞ സംരംഭങ്ങള്‍ ബംഗളൂരു മഹാനഗരത്തിലും വിജയകരമായി നടപ്പിലാക്കുന്നത്.
ജയനഗര്‍ ഈദ് ഗാഹ് മൈതാനിയിലാണ് പാചകപ്പുര ക്രമീകരിച്ചിരിക്കുന്നത്. 90 ചെമ്പുകളിലായി പാചകം ചെയ്യുന്ന ബിരിയാണി 25 ടേബിളുകളിലായി 250 അംഗ വളന്റിയര്‍മാര്‍ രാവിലെ ആറ് മുതല്‍ പാക്കിങ് ആരംഭിക്കും.കര്‍ണാടക ഗതാഗത മന്ത്രി ആര്. രാമലിംഗ റെഡ്ഡി, എൻ.എ. ഹാരിസ് എം.എൽ.എ, സൗമ്യ റെഡ്ഡി തുടങ്ങിയർ ചലഞ്ചിൽ സംബന്ധിക്കും. വളന്റിയര്‍മാര്‍ ഓര്‍ഡര്‍ നല്‍കിയവരുടെ വീടുകളിലെത്തിച്ച് നല്‍കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.