യത്നാലിനെ വിളിപ്പിച്ച് ബി.ജെ.പി കേന്ദ്ര അച്ചടക്ക സമിതി
text_fieldsബംഗളൂരു: ബി.ജെ.പിയോട് ഇടഞ്ഞുനിൽക്കുന്ന വിജയപുര എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാലിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് പാർട്ടി കേന്ദ്ര അച്ചടക്ക സമിതി.
കർണാടക ബി.ജെ.പി നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തിയ യത്നാലിന് കേന്ദ്ര അച്ചടക്ക സമിതി സെക്രട്ടറി ഓം പതക് ഡിസംബർ ഒന്നിന് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. 10 ദിവസത്തിനകം മറുപടി നൽകാനായിരുന്നു നോട്ടീസ്. അതിനു പിന്നാലെ ബുധനാഴ്ച രാവിലെ 11.30ന് ഡൽഹിയിലെത്താൻ യത്നാലിന് പതക് നിർദേശം നൽകുകയായിരുന്നെന്ന് യത്നാലിനൊപ്പം ഡൽഹിയിലുള്ള മുൻ മന്ത്രി രമേശ് ജാർക്കിഹോളി പറഞ്ഞു. വഖഫ് ഭേദഗതിയുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിക്ക് നിവേദനം നൽകാനാണ് യത്നാൽ അനുകൂലികളായ നേതാക്കൾ ഡൽഹിയിലെത്തിയതെന്നാണ് വിശദീകരണം. അതേസമയം, യത്നാൽ പക്ഷത്തിന്റെ ശക്തിപ്രകടനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
തനിക്ക് നാലുതവണ കാരണംകാണിക്കൽ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് പ്രതികരിച്ച യത്നാൽ, രണ്ടുതവണ താൻ മറുപടി നൽകിയെന്നും മറ്റൊരിക്കൽ കാരണംകാണിക്കൽ നോട്ടീസിൽ സംശയം തോന്നിയതിനാൽ മറുപടി നൽകിയില്ലെന്നും ചൂണ്ടിക്കാട്ടി. ഷോക്കോസ് ഇ-മെയിലായും കത്തായുമൊക്കെ ലഭിക്കാറുണ്ട്. ഇത്തവണ തനിക്ക് വാട്ട്സ്ആപ്പിലാണ് ഷോക്കോസ് ലഭിച്ചതെന്നും പരിശോധിച്ച ശേഷം ഉചിതമായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രക്കെതിരായ വിവരങ്ങൾ കേന്ദ്ര നേതൃത്വത്തിന് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബസനഗൗഡ പാട്ടീൽ യത്നാലിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം നേതാക്കൾ ബി.വൈ. വിജയേന്ദ്രക്കും അദ്ദേഹത്തിന്റെ പിതാവും മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദിയൂരപ്പക്കുമെതിരെ പരസ്യമായി രംഗത്തുവന്നതാണ് ബി.ജെ.പിയിൽ കലഹം തീർത്തത്. രമേശ് ജാർക്കിഹോളിക്ക് പുറമെ, അരവിന്ദ് ലിംബാവലി, മഹേഷ് കുമതള്ളി, കുമാർ ബംഗാരപ്പ തുടങ്ങിയ നേതാക്കളാണ് പാട്ടീലിനൊപ്പം നിലകൊള്ളുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് അവഗണിച്ച് യത്നാൽ പക്ഷം ബിദർ മുതൽ ചാമരാജ് നഗർ വരെ ഒരുമാസം നീളുന്ന വഖഫ് വിരുദ്ധ റാലി സംഘടിപ്പിച്ചുവരുകയാണ്. നവംബർ 25ന് ആരംഭിച്ച റാലി ഡിസംബർ 25നാണ് സമാപിക്കുക. ബി.വൈ. വിജയേന്ദ്ര കർണാടക ബി.ജെ.പി അധ്യക്ഷ പദവിയൊഴിയണമെന്ന് രമേശ് ജാർക്കിഹോളി കഴിഞ്ഞ ദിവസം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. വിജയേന്ദ്ര ഇപ്പോഴും ചെറുപ്പമാണെന്നും രാഷ്ട്രീയ അനുഭവം കുറവാണെന്നും അദ്ദേഹം ബെളഗാവിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ കരിയറിന്റെ തുടക്കത്തിലുള്ള ഒരാൾക്ക് രാഷ്ട്രീയത്തെക്കുറിച്ച് ആഴത്തിലുള്ള അറിവുണ്ടാകില്ല. വിജയേന്ദ്രക്ക് രാഷ്ട്രീയ ഭാവിയുണ്ട്. എന്നാൽ, അദ്ദേഹം ഇപ്പോൾ അധ്യക്ഷ പദവിയൊഴിയുന്നതാണ് അദ്ദേഹത്തിന് നല്ലത് -രമേശ് ജാർക്കിഹോളി പറഞ്ഞു.
തരുൺ ചുഗിന്റെ നേതൃത്വത്തിൽ ബംഗളൂരുവിൽ ചർച്ച
ബംഗളൂരു: കർണാടക ബി.ജെ.പിയിൽ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിൽ ദേശീയ ജനറൽ സെക്രട്ടറി തരുൺചുഗ് ബംഗളൂരുവിൽ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക, ബി.ജെ.പി എം.എൽ.എമാർ, ജില്ല നേതാക്കൾ, സംസ്ഥാന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. നാലു മണിക്കൂറോളം യോഗം നീണ്ടു.
അതേസമയം, പാർട്ടിയിലെ അഭിപ്രായ ഭിന്നത സംബന്ധിച്ച് ഒന്നും ചർച്ച ചെയ്തില്ലെന്നും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളെ കുറിച്ചാണ് ചർച്ച നടന്നതെന്നും ആർ. അശോക പ്രതികരിച്ചു. ചെറിയ ഭിന്നതകൾ മൂന്നു നാലു ദിവസത്തിനകം സന്തോഷകരമായി അവസാനിക്കുമെന്ന് ദേശീയ നേതൃത്വം അറിയിച്ചിട്ടുണ്ട്. കർണാടകയിൽ ഞങ്ങൾക്ക് 74 ലക്ഷം അംഗങ്ങളാണുള്ളത്. അംഗങ്ങളെയും സജീവ പ്രവർത്തകരെയും വർധിപ്പിക്കാനാണ് തീരുമാനം. അത് വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്നും അശോക കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.