ബി.ജെ.പി വസ്തുതാന്വേഷണ സംഘം ബെളഗാവിയിൽ
text_fieldsബംഗളൂരു: ബെളഗാവിയിൽ അതിക്രമത്തിനിരയായ വീട്ടമ്മയെ ബി.ജെ.പി കേന്ദ്ര കമ്മിറ്റി നിയോഗിച്ച അഞ്ചംഗ വസ്തുതാന്വേഷണ സംഘം ആശുപത്രിയിൽ സന്ദർശിച്ചു. എം.പിമാരായ അപരാജിത സാരംഗി, സുനിത ദുഗ്ഗൽ, ലോക്കറ്റ് ചാറ്റർജി, രഞ്ജിത കോലി എന്നിവരും പാർട്ടി ദേശീയ സെക്രട്ടറി ആശ ലക്രയും അടങ്ങുന്ന സംഘം ശനിയാഴ്ച രാവിലെയാണ് ബെളഗാവിയിലെത്തിയത്. ആശുപത്രിയിലെത്തി അതിജീവിതയുമായി സംസാരിച്ചശേഷം യോഗം ചേർന്ന് വിഡിയോ കോൺഫറൻസിലൂടെ പാർട്ടി അധ്യക്ഷൻ ജെ.പി. നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. അതിജീവിതയിൽനിന്ന് ലഭിച്ച മൊഴിയിൽനിന്നടക്കമുള്ള വിവരങ്ങൾ നഡ്ഡയുമായി പങ്കുവെച്ചു. പ്രദേശത്തെ ജനങ്ങളുമായും അവർ സംസാരിച്ചു. വസ്തുതാന്വേഷണ സംഘം വൈകാതെ റിപ്പോർട്ട് തയാറാക്കി നേതൃത്വത്തിന് കൈമാറും.
ദലിതയായ വീട്ടമ്മയെ നഗ്നയാക്കി വൈദ്യുതി തൂണിൽ കെട്ടിയിട്ട സംഭവത്തിൽ ശനിയാഴ്ച കർണാടക ബി.ജെ.പിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം അരങ്ങേറി. ബംഗളൂരു മേക്രി സർക്കിളിൽ നടന്ന പ്രതിഷേധത്തിന് മുൻ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ നേതൃത്വം നൽകി. കോൺഗ്രസ് സർക്കാറിന് കീഴിൽ കർണാടകയിൽ ദലിതർക്കെതിരെ അക്രമം തുടർക്കഥയാവുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷയില്ലെന്ന് സമരക്കാർ കുറ്റപ്പെടുത്തി. വിഷയം ദേശീയ തലത്തിൽ കോൺഗ്രസിനെതിരെ പ്രചാരണായുധമാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
അതേസമയം, ബെളഗാവി സംഭവത്തിൽ സ്വമേധയാ കേസെടുത്ത കർണാടക ഹൈകോടതി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അഡ്വക്കറ്റ് ജനറൽ ശശികിരൺ ഷെട്ടി സർക്കാറിനായി റിപ്പോർട്ട് സമർപ്പിക്കും.
കേസ് പരിഗണിക്കുമ്പോൾ ബെളഗാവി പൊലീസ് കമീഷണർ ഹാജരാവണമെന്നും കോടതി നിർദേശിച്ചിരുന്നു. സംഭവത്തിൽ ലോക്കൽ പൊലീസിന് വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി കക്കട്ടി പൊലീസ് സർക്കിൾ ഇൻസ്പെകടറെ ബെളഗാവി പൊലീസ് കമീഷണർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. കേസിൽ ഇതുവരെ 12 പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.