പൗരറിപ്പോർട്ടിൽ വൻതോൽവിയുമായി ബി.ജെ.പി സർക്കാർ
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പിന് മുന്നേ പൗരറിപ്പോർട്ടിൽ പരാജയപ്പെട്ട് കർണാടകയിലെ ബി.ജെ.പി സർക്കാർ. നിയമസഭ തെരഞ്ഞെടുപ്പിന് മൂന്നുനാൾ ശേഷിക്കേ വിവിധ മേഖലകളിൽ വിശകലനം നടത്തി പ്രമുഖ പൗരാവകാശ സംഘടനയായ ‘ബഹുത്വ കർണാടക’ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ടിലാണ് സർക്കാർ അമ്പേ പരാജയമായത്. ഏറ്റവും മികച്ച മേഖലക്ക് ‘എ’ ഗ്രേഡും ഏറ്റവും മോശമായതിന് ‘എഫ്’ ഗ്രേഡുമാണുള്ളത്. ആകെ പഠനം നടത്തിയ 15 മേഖലകളിൽ സാമ്പത്തിക-ധനകാര്യ മേഖലയിൽ മാത്രമാണ് സർക്കാറിന് ‘സി’ ഗ്രേഡ് ലഭിച്ചത്. ബാക്കിയെല്ലാത്തിലും ഇതിലും താഴെയാണ് ഗ്രേഡ്. ജനാധിപത്യം, സ്ത്രീകളുടെ അവകാശം, ന്യൂനപക്ഷങ്ങൾ, ഫെഡറലിസം, തൊഴിൽ, ചേരിപ്രദേശങ്ങൾ എന്നീ മേഖലകളിൽ ഏറ്റവും താഴെയുള്ള ‘എഫ്’ ഗ്രേഡാണ് സർക്കാറിനുള്ളത്.
സംസ്ഥാനത്തെ അഞ്ചുവയസ്സിൽ താഴെയുള്ള 35 ശതമാനം കുട്ടികൾക്കും പോഷകാഹാരക്കുറവുണ്ട്. 33 ശതമാനം പേർക്ക് തൂക്കക്കുറവുണ്ട്. ദേശീയ കുടുംബാരോഗ്യ സർവേയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള ഈ മേഖലയിൽ സർക്കാറിന് ‘ഡി’ ഗ്രേഡാണ്. ഭക്ഷണസാധനങ്ങളുടെ പൊതുവിതരണത്തിൽ പോലും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വിവേചനമുണ്ട്. കർഷകരുടെ ഭൂമി വൻകിടക്കാർക്ക് നിയമവിരുദ്ധമായി കൈവശപ്പെടുത്താൻ വകുപ്പുകളുള്ള കർണാടക ഭൂപരിഷ്കരണ ഭേദഗതി നിയമം പോലുള്ളവ മൂലം കർഷകർ വൻ ദുരിതത്തിലാണ്.
വിദ്യാഭ്യാസ മേഖലയിൽ ഇ ഗ്രേഡാണുള്ളത്. കോളജുകളിൽ പൊടുന്നനെ ഹിജാബ് നിരോധിച്ചത് സംസ്ഥാനത്തുടനീളം സംഘർഷത്തിന് വഴിവെച്ചു. വിദ്യാർഥിനികളുടെ പഠനം മുടങ്ങി. സർക്കാറിന്റെ നയനിലപാടുകളെ വിമർശിക്കുന്നവരെ അടിച്ചമർത്തുകയാണ്. ഓപറേഷൻ താമരയിലൂടെ പ്രതിപക്ഷ എം.എൽ.എമാരെ ചാക്കിട്ടാണ് നിലവിലുള്ള ബി.ജെ.പി സർക്കാർ തന്നെ രൂപവത്കരിച്ചത്. ദേശീയ കുറ്റകൃത്യ റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കർണാടകയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം കൂടിയിട്ടുണ്ട്. 2021ൽ 14,468 കുറ്റകൃത്യങ്ങളാണുണ്ടായത്.
‘പെൺകുട്ടികളെ രക്ഷിക്കൂ, അവരെ പഠിപ്പിക്കൂ’ എന്ന് ദേശീയ തലത്തിൽ മോദി സർക്കാർ കാമ്പയിൻ നടത്തുമ്പോൾ തന്നെ ഹിജാബ് നിരോധനം മൂലം നിരവധി മുസ്ലിം പെൺകുട്ടികളുടെ പഠനം മുടങ്ങി. ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷപ്രസംഗങ്ങളും അക്രമങ്ങളും വ്യാപകമായി. ഗോവധ നിരോധനനിയമം, മതംമാറ്റ നിരോധന നിയമം തുടങ്ങിയവ മുസ്ലിംകൾക്കെതിരെയും ക്രൈസ്തവർക്കെതിരെയുമുള്ള ആക്രമണത്തിനായി ഉപയോഗിച്ചു. ഗ്രാമീണമേഖലയുടെ സ്ഥിതിയും ദയനീയമാണ്.
‘ട്രബ്ൾ എൻജിൻ’ റിപ്പോർട്ടുമായി കോൺഗ്രസും
ബംഗളൂരു: കർണാടകയിലെ ബി.ജെ.പി സർക്കാർ ‘ഡബ്ൾ എൻജിൻ’ സർക്കാറല്ല, ജനത്തിന് ദുരിതം സമ്മാനിച്ച ‘ട്രബ്ൾ എൻജിൻ’ സർക്കാറാണെന്ന് പരിഹസിക്കുന്ന പ്രോഗ്രസ് റിപ്പോർട്ടുമായി കോൺഗ്രസും. ‘40 ശതമാനം കമീഷൻ സർക്കാർ’ ആണ് സംസ്ഥാനം ഭരിക്കുന്നതെന്ന് വിവരിക്കുന്ന ‘2019-2023 കറപ്ഷൻ റേറ്റ് കാർഡി’ൽ വിവിധ സർക്കാർ തസ്തികകൾക്കും മറ്റും വാങ്ങുന്ന കമീഷൻ തുകയുടെ കണക്കുകളുമുണ്ട്. മുഖ്യമന്ത്രിക്കസേരക്ക് 2500 കോടിയും മന്ത്രിക്കസേരക്ക് 500 കോടിയുമാണ് കൈക്കൂലിയെന്നും ഇതിൽ പറയുന്നു. എൻജിനീയർ, സബ് രജിസ്ട്രാർ തസ്തികക്ക് അഞ്ചുകോടി വരെയാണ് കൈക്കൂലിയെന്നും സ്കൂൾ കുട്ടികൾക്കുള്ള മുട്ട വിതണത്തിന് പോലും 30 ശതമാനം കമീഷൻ നൽകണമെന്നും കാർഡിൽ പറയുന്നു. ഇത്തരത്തിൽ നാലുവർഷം കൊണ്ട് ബി.ജെ.പി സർക്കാർ ഒന്നര ലക്ഷം കോടി രൂപയാണ് കർണാടകയിൽനിന്ന് കൊള്ളയടിച്ചതെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.