സുമലതയുമായി അനുനയ ചർച്ച നടത്തി ബി.ജെ.പി
text_fieldsബംഗളൂരു: മാണ്ഡ്യ സീറ്റിൽ എൻ.ഡി.എ സ്ഥാനാർഥിക്കെതിരെ സിറ്റിങ് എം.പി സുമലത അംബരീഷിന്റെ മത്സരം ഒഴിവാക്കാൻ അനുനയ ചർച്ചയുമായി ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര. മാണ്ഡ്യയിൽ സുമലതയുടെ വീട്ടിലെത്തി അദ്ദേഹം ഒരു മണിക്കൂറോളം ചർച്ച നടത്തി. സുമലതയെ ബി.ജെ.പിയിൽ ചേരാൻ ക്ഷണിച്ച വിജയേന്ദ്ര, മാണ്ഡ്യയിൽ സ്ഥാനാർഥിയാവരുതെന്ന് സുമലതയോട് അഭ്യർഥിച്ചു. എന്നാൽ, അനുകൂലമായി പ്രതികരിച്ചിട്ടില്ല. കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവർത്തകരെ കണ്ട സുമലത, തന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് അനുയായികളുമായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് അറിയിച്ചു.
തുടർന്ന്, ശനിയാഴ്ച ബംഗളൂരുവിൽ അനുയായികളുമായി സുമലത ചർച്ച നടത്തി. ഒന്നാംഘട്ട കൂടിയാലോചനയാണിതെന്നാണ് സുമലത അറിയിച്ചത്. മാണ്ഡ്യയിൽ വെച്ച് തുടർ ചർച്ച നടക്കുമെന്നും ഏപ്രിൽ മൂന്നിന് തന്റെ തീരുമാനം അറിയിക്കുമെന്നും അവർ പറഞ്ഞു. മാണ്ഡ്യയിൽനിന്നാണ് ഞാൻ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. എന്റെ തീരുമാനവും ഞാൻ മാണ്ഡ്യയിൽ വെച്ചാണ് പ്രഖ്യാപിക്കുക. മാണ്ഡ്യയോടും അവിടത്തെ ജനങ്ങളോടുമാണ് എന്റെ കടപ്പാട്. എന്തുവന്നാലും മാണ്ഡ്യ വിടുന്ന പ്രശ്നമില്ലെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിനായി സുമലത ശ്രമിച്ചിരുന്നു. കോൺഗ്രസും ജെ.ഡി-എസും സഖ്യമായിരുന്നതിനാൽ മാണ്ഡ്യ സീറ്റ് ജെ.ഡി-എസിന് നൽകേണ്ടിവന്നു. ഇതോടെ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സുമലത ജെ.ഡി-എസിന്റെ നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തി. തുടർന്നും ബി.ജെ.പിയോട് അടുപ്പം കാണിച്ച സുമലത കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ ബി.ജെ.പിയുടെ പ്രചാരണ റാലികളിൽ പങ്കെടുത്തിരുന്നു. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ മാണ്ഡ്യ സീറ്റിൽ ബി.ജെ.പിയുടെ പിന്തുണ ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ആഭ്യന്തരമന്ത്രി അമിത്ഷായെയും കണ്ടിരുന്നു.
എന്നാൽ, സഖ്യകക്ഷിയായ ജെ.ഡി-എസ് മണ്ഡ്യ സീറ്റിനായി കടുംപിടിത്തം തുടർന്നതോടെ ബി.ജെ.പിക്ക് വഴങ്ങേണ്ടിവന്നു. ഇതോടെയാണ് മണ്ഡ്യയിൽ ത്രികോണ മത്സരം രൂപപ്പെടുന്നത് തടയാൻ സുമലതയെ അനുനയിപ്പിക്കാൻ വിജയേന്ദ്ര രംഗത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.