ബി.ജെ.പി അസഹിഷ്ണുത: ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ മകുടങ്ങൾ പൊളിച്ചുനീക്കി
text_fieldsബംഗളൂരു: ഭരണകക്ഷിയായ ബി.ജെ.പി ജനപ്രതിനിധികളുടെ അസഹിഷ്ണുതയെ തുടർന്ന് കർണാടകയിൽ മറ്റൊരു നാണംകെട്ട സംഭവംകൂടി. മൈസൂരു ഊട്ടി റോഡിലെ ജെ.എസ്.എസ് കോളജിന് സമീപം സ്ഥാപിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ രണ്ട് കുംഭങ്ങൾ പൊളിച്ചുനീക്കി. മൂന്ന് കുംഭങ്ങൾ മുസ്ലിം പള്ളിപോലെ തോന്നിക്കുന്നുവെന്ന മൈസൂരു-കുടക് എം.പി പ്രതാപ് സിംഹയുടെ വിമർശനത്തെ തുടർന്നാണ് നടപടി. നിറവും മാറ്റി.
മൂന്ന് സ്വർണനിറ മകുടങ്ങളിൽ രണ്ടെണ്ണം നീക്കി. ശേഷിച്ചതിൽ കടുംചുവപ്പുനിറം അടിച്ചു. ബി.ജെ.പി എം.എൽ.എ എസ്.എ. രാംദാസിന്റെ ഫണ്ടുപയോഗിച്ച് മൈസൂരു കൊട്ടാരം മാതൃകയിൽ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രത്തിനാണ് ഈ ദുർഗതി. പ്രതാപ് സിംഹയുടെ പ്രസ്താവന സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തുവന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധമുയർന്നു. ബസ് കാത്തിരിപ്പു കേന്ദ്രം പൊളിക്കാനുള്ള എം.പിയുടെ ആഹ്വാനത്തിനെതിരെ ബി.ജെ.പി എം.എൽ.എ രാംദാസ് തന്നെ രംഗത്തെത്തി. സംഭവത്തെ അനാവശ്യമായി വർഗീയവത്കരിച്ചത് തന്നെ വേദനിപ്പിച്ചതായി എസ്.എ. രാംദാസ് എം.എൽ.എ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.