യത്നാലിനെതിരായ നടപടിയിൽ പുകഞ്ഞ് കർണാടക ബി.ജെ.പി
text_fieldsബസനഗൗഡ പാട്ടീൽ യത്നാൽ
ബംഗളൂരു: മുതിർന്ന ലിംഗായത്ത് നേതാവും എം.എൽ.എയുമായ ബസനഗൗഡ പാട്ടീൽ യത്നാലിനെ അച്ചടക്കലംഘനത്തിന്റെ പേരിൽ പാർട്ടിയിൽനിന്ന് പുറത്താക്കിയതിന് പിന്നാലെ കർണാടക ബി.ജെ.പിയിൽ കലഹം ശക്തം. ആറു വർഷത്തേക്കാണ് യത്നാലിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്.
യത്നാലിനെ പിന്തുണക്കുന്ന ബി.ജെ.പി എം.എൽ.എമാർ വെള്ളിയാഴ്ച ബംഗളൂരുവിൽ യോഗം ചേരും. പഞ്ചമശാലി ലിംഗായത്ത് വിഭാഗം നേതാവുകൂടിയായ യത്നാലിനെ പുറത്താക്കിയതിനെതിരെ പഞ്ചമശാലി ലിംഗായത്ത് മഠാധിപതി ജയ ബി. മൃത്യുഞ്ജയ സ്വാമിയും രംഗത്തുവന്നു. യത്നാലിനെ തിരിച്ചെടുത്തില്ലെങ്കിൽ ബി.ജെ.പി പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് സ്വാമി മുന്നറിയിപ്പ് നൽകി.
പാർട്ടിയിൽ കുടുംബരാഷ്ട്രീയമില്ലെന്ന് പറയുകയും എന്നാൽ, അത് നടപ്പാക്കുകയുമാണ് ബി.ജെ.പി ചെയ്യുന്നതെന്ന് കുറ്റപ്പെടുത്തിയ സ്വാമി, വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പഞ്ചമശാലി സമുദായ നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും തുടർനടപടികൾ യോഗത്തിൽ തീരുമാനിക്കുമെന്നും വ്യക്തമാക്കി.
യത്നാലിന് പരസ്യ പിന്തുണയുമായി ബെളഗാവി ഗോഖക് എം.എൽ.എ രമേശ് ജാർക്കിഹോളി രംഗത്തെത്തി. യത്നാൽ തനിച്ചല്ലെന്നും ഞാനും ഞങ്ങളുടെ സംഘവും കൂടെ നിൽക്കുമെന്നും അച്ചടക്ക നടപടി സംബന്ധിച്ച് പാർട്ടി പുനഃപരിശോധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രമേശ് ജാർക്കിഹോളി പറഞ്ഞു.
യത്നാലിനെതിരായ നടപടി ഒഴിവാക്കാനാവാത്തതായിരുന്നുവെന്ന കർണാടക ബി.ജെ.പി പ്രസിഡന്റ് ബി.വൈ. വിജയേന്ദ്രയുടെ പ്രതികരണത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ, ‘വിജയേന്ദ്രയെ കുറിച്ച് എന്നോടൊന്നും ചോദിക്കരുത്’ എന്നായിരുന്നു രമേശ് ജാർക്കിഹോളിയുടെ പ്രതികരണം.
വടക്കൻ കർണാടകയിലെ വിജയപുരയിൽനിന്നുള്ള നേതാവാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ ബസനഗൗഡ പാട്ടീൽ യത്നാൽ. ബി.എസ്. യെദിയൂരപ്പയുടെയും മകൻ ബി.വൈ. വിജയേന്ദ്രയുടെയും സ്ഥിര വിമർശകനായ യത്നാൽ, കടുത്ത ഹിന്ദുത്വ വാദികൂടിയാണ്.
വടക്കൻ കർണാടകയിൽ ബി.ജെ.പിയെ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവായ യത്നാലിന്റെ നേതൃത്വത്തിനെതിരായ വിമർശനങ്ങൾ, പാർട്ടിയിലെ കുടുംബാധിപത്യത്തിനെതിരെയാണെന്നാണ് വാദം. എന്നാൽ, കർണാടക ബി.ജെ.പി അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി സ്ഥാനവും യത്നാൽ നോട്ടമിട്ടിരുന്നു.
കർണാടക ബി.ജെ.പി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രക്കെതിരെ തുടർച്ചയായി പരസ്യ പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് പാർട്ടിയുടെ അച്ചടക്ക നടപടി. പാർട്ടി പ്രാഥമികാംഗത്വമടക്കം എല്ലാ പദവിയിൽനിന്നും അടിയന്തരമായി വിട്ടു നിൽക്കാൻ ബി.ജെ.പി കേന്ദ്ര അച്ചടക്ക സമിതി നൽകിയ കത്തിൽ ആവശ്യപ്പെട്ടു. വർഗീയ -വിദ്വേഷ പ്രസ്താവനകളിലൂടെ കുപ്രസിദ്ധി നേടിയ നേതാവുകൂടിയാണ് യത്നാൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.