ബി.ജെ.പി എം.പി ബി.എൻ. ബച്ചെ ഗൗഡ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിച്ചു
text_fieldsബംഗളൂരു: ബി.ജെ.പിയുടെ ചിക്കബല്ലാപുർ എം.പി ബി.എൻ. ബച്ചെഗൗഡ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. തന്റെ പ്രായം പരിഗണിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തത്ത്വം പാലിച്ചുമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എഴുപതാം വയസ്സിൽ പാർട്ടി സ്ഥാനങ്ങളിൽനിന്ന് വിരമിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ മാർഗനിർദേശം സൂചിപ്പിക്കുന്നതെന്ന് 81 വയസ്സുള്ള ബച്ചെഗൗഡ ഊന്നിപ്പറഞ്ഞു. ഭാവിയിൽ പാർട്ടി ടിക്കറ്റിനായി തന്നെ നാമനിർദേശം ചെയ്യില്ലെന്ന് പ്രധാനമന്ത്രി മോദി ഉൾപ്പെടെയുള്ള പാർട്ടി നേതൃത്വം സൂചിപ്പിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, കർണാടകയിലെ കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന അന്നഭാഗ്യ പദ്ധതിയിൽ ആവശ്യമായ അരി സംസ്ഥാനത്തിന് കൈമാറില്ലെന്നറിയിച്ച കേന്ദ്ര സർക്കാറിനെ ബച്ചെഗൗഡ വിമർശിച്ചു. കർണാടകയുടെ താൽപര്യങ്ങൾ കേന്ദ്രം അവഗണിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പ്രത്യേകിച്ച് അരി വിഹിതത്തിന്റെ മേഖലയിൽ. സംസ്ഥാനത്തോട് ചെയ്തത് അനീതിയായി താൻ കാണുന്നു.
സംസ്ഥാനത്തെ ജനങ്ങൾക്ക് അരിക്കുപകരം പണം നൽകാമെന്ന് സംസ്ഥാന സർക്കാർ ഉറപ്പു നൽകിയിട്ടും കർണാടകക്ക് അരി നൽകാത്തത് ശരിയല്ല. തന്റെ അഭിപ്രായം ഒരു സംസ്ഥാന എം.പിയുടെ അഭിപ്രായമാണെന്ന് ബച്ചെഗൗഡ വ്യക്തമാക്കി. ബി.എൻ. ബച്ചെഗൗഡയുടെ മകൻ ശരത് ബച്ചെഗൗഡ ഹൊസക്കോട്ടെയിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.