നബിദിന റാലിക്കെതിരെ റാലി; മൂന്ന് ബി.ജെ.പി നേതാക്കൾക്ക് സമൻസ്
text_fieldsമംഗളൂരു: ബണ്ട്വാൾ ബി.സി റോഡിൽ നബിദിന റാലിക്കെതിരെ തീവ്ര ഹിന്ദുത്വ റാലി ആസൂത്രണം ചെയ്ത് പ്രകോപനം സൃഷ്ടിച്ച കേസിൽ മൂന്ന് ബി.ജെ.പി-വി.എച്ച്.പി നേതാക്കൾക്കെതിരെ കൂടി കോടതി സമൻസ്. ബി.ജെ.പി നേതാക്കളായ വികാസ് പുത്തൂർ, ആർ.ചെന്നപ്പ കൊട്ട്യൻ, വി.എച്ച്.പി നേതാവ് സച്ചിൻ മെൽകർ എന്നിവരാണ് കേസിൽ ഉൾപ്പെട്ട പുതിയ പ്രതികൾ.
കഴിഞ്ഞ സെപ്റ്റംബർ 16ന് വൻ സാമുദായിക ലഹള ഉന്നമിട്ട് ആസൂത്രണം ചെയ്ത റാലി പൊലീസ് സന്ദർഭോചിതം ഇടപെട്ട് തടഞ്ഞിരുന്നു.വിശ്വഹിന്ദു പരിഷത്ത് ഉഡുപ്പി -ദക്ഷിണ കന്നട മേഖല സെക്രട്ടറി ശരൺ പമ്പുവെൽ, ഭരത്, ബജ്റംഗ്ദൾ നേതാവ് പുനീത് അത്താവർ എന്നിവർക്കെതിരെ അന്ന് കേസെടുത്തിരുന്നു. സാമുദായിക സൗഹാർദം തകർക്കുന്ന സംഭവവികാസങ്ങൾ ഉണ്ടാവാമെന്നതിനാൽ നബിദിന റാലികൾക്ക് അനുമതി നൽകരുതെന്ന് മംഗളൂരു നോർത്ത് മണ്ഡലം ബി.ജെ.പി എം.എൽ.എ ഡോ.വൈ.ഭരത് ഷെട്ടി ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു വി.എച്ച്.പി, ബജ്റംഗ്ദൾ പ്രവർത്തകർ റാലിക്കായി സംഘടിച്ചെത്തിയത്. പ്രകോപന സന്ദേശം നൽകി എന്നതിന് ബണ്ട്വാൾ നഗരസഭ മുൻ ചെയർമാൻ മുഹമ്മദ് ശരീഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാണ്ഡ്യ ജില്ലയിലെ നാഗമംഗളയിൽ ഗണേശ ചതുർഥി ഘോഷയാത്രക്ക് നേരെ നേരത്തെ കല്ലേറുണ്ടായ സംഭവം തീവ്രഹിന്ദുത്വ സംഘടനകളും ബി.ജെ.പിയും ഏറ്റെടുത്ത് പ്രചാരണം നടത്തിയ സാഹചര്യത്തിലായിരുന്നു ബി.സി റോഡിൽ നബിദിന റാലിക്ക് എതിരെ തിരിഞ്ഞത്.
മാണ്ഡ്യയിൽനിന്നുള്ള നേതാക്കൾ തലേന്ന് രാത്രി മംഗളൂരുവിലെത്തിയിരുന്നു. ബി.സി റോഡിൽ വരാൻ ധൈര്യമുണ്ടോ എന്നാരാഞ്ഞ് മുഹമ്മദ് ശരീഫ് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതോടെ അന്തരീക്ഷം കനത്തു. അപകടം മണത്ത ജില്ല പൊലീസ് സൂപ്രണ്ട് എൻ. ഋതീഷ് ബി.സി റോഡ് മേഖലയിൽ വൻ പൊലീസ് സംഘത്തെ വിന്യസിച്ചു. തീവ്രഹിന്ദുത്വ റാലി ആസൂത്രണം ചെയ്ത ദിവസം രാവിലെ ശരണിന്റെയും പുനീതിന്റേയും നേതൃത്വത്തിൽ അവരുടെ സേന ബി.സി റോഡ് രക്ഷേശ്വരി ക്ഷേത്രം കേന്ദ്രീകരിച്ചു. കാവിക്കൊടിയേന്തിയ നൂറുകണക്കിന് പ്രവർത്തകരെ പ്രകോപിതരാക്കുന്ന പ്രസംഗങ്ങൾ ശരണും പുനീതും നടത്തിയെങ്കിലും പൊലീസ് തീർത്ത പ്രതിരോധം മറികടക്കാൻ അവർക്കായില്ല. നബിദിന റാലി നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.