കോഴ വാങ്ങി ബി.ജെ.പി സീറ്റ്; സി.ബി.ഐ അന്വേഷണം പൂർത്തിയായി
text_fieldsബംഗളൂരു: ബി.ജെ.പി നേതാവ് ചൈത്ര കുന്ദാപുര ഒന്നാം പ്രതിയായ, തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാനായി കോഴ വാങ്ങിയ കേസിൽ സി.ബി.ഐ അന്വേഷണം പൂർത്തിയായി. അടുത്തയാഴ്ച കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. ബിസിനസുകാരനായ ഗോവിന്ദ് ബാബു പൂജാരിയാണ് തനിക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സീറ്റ് നൽകാമെന്ന് വാഗ്ദാനം നൽകി ചൈത്ര കുന്ദാപുര അഞ്ചുകോടി രൂപ കോഴ വാങ്ങിയെന്ന് പൊലീസിൽ പരാതി നൽകിയത്. തുടർന്നാണ് കേസ് സി.ബി.ഐ ഏറ്റെടുത്തത്. ഉഡുപ്പി ജില്ലയിലെ ബൈന്തൂർ മണ്ഡലത്തിൽ മത്സരിക്കാനായി ബി.ജെ.പി സീറ്റ് നൽകാമെന്നായിരുന്നു വാഗ്ദാനം.
68 സാക്ഷികളിൽനിന്ന് മൊഴിയെടുത്തു. ശബ്ദ-വിഡിയോ തെളിവുകളും സി.ബി.ഐ ശേഖരിച്ചിട്ടുണ്ട്. ചൈത്ര കുന്ദാപുരക്കുപുറമെ ശ്രീകാന്ത്, ഗഗൻ കദുർ, വിജയനഗര മഠത്തിലെ ഹാലശ്രീ സ്വാമി, ധനരാജ്, ചന്ന നായിക് എന്നിവരും പ്രതികളാണെന്ന് സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. ഇവരിൽനിന്ന് ഇതിനകം 4.11 കോടി വീണ്ടെടുത്തിട്ടുമുണ്ട്. ചൈത്രയെ ഉഡുപ്പി കൃഷ്ണമഠം പരിസരത്ത് നിന്നാണ് ബംഗളൂരു ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ അഴിമതിയിലൂടെ വൻ സമ്പാദ്യം ഇവർ ഉണ്ടാക്കിയതായി കണ്ടെത്തിയിരുന്നു. കാർ, ബാങ്ക് നിക്ഷേപം, വീട്ടിൽ സൂക്ഷിച്ച ആഭരണങ്ങൾ എന്നിവയും ഭൂമി വാങ്ങിയതിന്റെ രേഖകളും പിടിച്ചെടുത്തു. ചൈത്രയുടെയും അറസ്റ്റിലായ ശ്രീകാന്തിന്റെയും പേരിൽ ഉഡുപ്പി ശ്രീരാമ സൊസൈറ്റിയിലെ ജോയന്റ് അക്കൗണ്ടിൽ 1.8 കോടി രൂപയുടെ സ്ഥിര നിക്ഷേപമുണ്ടായിരുന്നു. ചൈത്രയുടെ വീട്ടിൽ സൂക്ഷിച്ച 65 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.