വിമത നീക്കത്തിൽ പകച്ച് ബി.ജെ.പി; കർണാടകയിൽ ബി.ജെ.പിക്ക് ഷട്ടറിടുമോ ജഗദീഷ്?
text_fieldsബംഗളൂരു: സീറ്റ് തർക്കത്തെ തുടർന്നുള്ള ആഭ്യന്തര കലഹം മൂർധന്യത്തിലെത്തിയതോടെ കർണാടകയിൽ ബി.ജെ.പി വെട്ടിലായി. ഏറ്റവുമൊടുവിൽ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറും ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദിയുമാണ് ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയത്. കോൺഗ്രസ് അനുകൂല തരംഗം പ്രവചിക്കപ്പെടുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പിയെ തീർത്തും പ്രതിരോധത്തിലാക്കുന്നതാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. കർണാടക ബി.ജെ.പിയുടെ അതികായനായ നേതാവായ ബി.എസ്. യെദിയൂരപ്പയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ സന്തോഷ് കഴിഞ്ഞദിവസം ജെ.ഡി-എസിൽ ചേർന്നതും ബി.ജെ.പിക്ക് വൻ തിരിച്ചടിയാണ്. 2019ൽ കോൺഗ്രസ് -ജെ.ഡി-എസ് സഖ്യ സർക്കാറിനെ വീഴ്ത്തിയ ഓപറേഷൻ താമരയിൽ യെദിയൂരപ്പയുടെ ഓരോ തന്ത്രവും നടപ്പാക്കിയത് സന്തോഷായിരുന്നു. യെദിയൂരപ്പയുടെ സഹോദരിയുടെ മകൻ കൂടിയാണ് സന്തോഷ്.
ജഗദീഷ് ഷെട്ടാറിന്റെ രാജിയെ തുടർന്ന് ഹുബ്ബള്ളി- ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ ഞായറാഴ്ച ബി.ജെ.പി അടിയന്തര യോഗം ചേർന്നു. കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയുടെ നേതൃത്വത്തിൽ ഗോകൽ റോഡിലെ സ്വകാര്യ ഹോട്ടലിലായിരുന്നു രഹസ്യയോഗം. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി മഹേഷ് തെങ്കിനായ്, ജില്ല പ്രസിഡന്റ് സഞ്ജയ് കപട്കർ, ധാർവാഡ് ഡെപ്യൂട്ടി മേയർ ഉമ മുകുന്ദ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
ലക്ഷ്മൺ സവാദിയുടെയും ജഗദീഷ് ഷെട്ടാറിന്റെയും രാജിക്കും കോൺഗ്രസിലേക്കുള്ള പ്രവേശനത്തിനും പിന്നാലെ അവരെ രൂക്ഷമായി വിമർശിച്ച് ബി.എസ്. യെദിയൂരപ്പ ഞായറാഴ്ച വാർത്തസമ്മേളനം നടത്തി. ഷെട്ടാറിനും സവാദിക്കും വേണ്ടി പാർട്ടി എല്ലാം ചെയ്തു. പാർട്ടിയെയും കാലങ്ങളായി അദ്ദേഹം തുടരുന്ന ആദർശത്തെയും ഷെട്ടാർ ഒഴിവാക്കി. കേന്ദ്രമന്ത്രിയാക്കാമെന്ന് അദ്ദേഹത്തിന് വാഗ്ദാനം നൽകിയിരുന്നു. കോൺഗ്രസിൽ ചേരാനൊരുങ്ങുകയാണ് അദ്ദേഹം. അദ്ദേഹത്തെ ഞങ്ങൾ മുഖ്യമന്ത്രിയാക്കുകയും കർണാടക ബി.ജെ.പി അധ്യക്ഷനാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രവൃത്തി ക്ഷമിക്കാവുന്നതല്ല. തന്റെ പ്രവൃത്തിയിൽ ഖേദിക്കുകയും ബി.ജെ.പിയിലേക്ക് തിരിച്ചുവരുകയും ചെയ്യുകയാണെങ്കിൽ ഷെട്ടാറിനെ സ്വാഗതം ചെയ്യും -യെദിയൂരപ്പ പറഞ്ഞു.
ഷെട്ടാറിന് സീറ്റ് നിഷേധിച്ചതിൽ ഗൂഢാലോചനയില്ലെന്ന് ബി.ജെ.പി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ പ്രതികരിച്ചു. ഇതിനെ എതിർത്ത് ബി.ജെ.പി എം.പി ലാഹർ സിങ് സിരോയ രംഗത്തുവന്നു. യെദിയൂരപ്പ ബി.ജെ.പി വിട്ടത് സ്വന്തം പാർട്ടിയുണ്ടാക്കാനാണെന്നും നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനാർഥിയായപ്പോൾ അദ്ദേഹം തിരിച്ചുവന്നെന്നും ലാഹർ സിങ് ട്വീറ്റ് ചെയ്തു. ഷെട്ടാർ പാർട്ടി വിടുന്നത് അദ്ദേഹത്തിന്റെ മകന്റെ അമ്മായിയപ്പൻ കാരണമാണെന്നും കുടുംബ ബിസിനസ് നടത്താനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഷെട്ടാറിന്റെ കോൺഗ്രസ് പ്രവേശനത്തിന് മുതിർന്ന കോൺഗ്രസ് നേതാവ് ഷാമന്നൂർ ശിവശങ്കരപ്പയാണ് നേതൃത്വം നൽകിയതെന്ന് ചൂണ്ടിക്കാട്ടുകയായിരുന്നു ലാഹർ സിങ് സിരോയ. എന്നാൽ, കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദത്തിനു വഴങ്ങിയാണ് യെദിയൂരപ്പ തനിക്കെതിരെ സംസാരിക്കുന്നതെന്നും അദ്ദേഹവും മുമ്പ് പാർട്ടി വിട്ടതാണെന്നും ജഗദീഷ് ഷെട്ടാർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.