കർണാടകയിൽ പ്രതിമ രാഷ്ട്രീയവുമായി ബി.ജെ.പി
text_fieldsബംഗളൂരു: കർണാടകയിൽ പ്രതിമരാഷ്ട്രീയവുമായി ബി.ജെ.പി. സംസ്ഥാനത്തെ പ്രബലരായ ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളുടെ വികാരങ്ങൾക്കൊപ്പംനിന്ന് വോട്ടുനേടുകയാണ് ലക്ഷ്യം. മേയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് ഒറ്റ ദിവസംകൊണ്ട് ആഭ്യന്തരമന്ത്രി അമിത് ഷാ അനാച്ഛാദനം ചെയ്തത് മൂന്നു പ്രതിമകളാണ്. ലിംഗായത്തുകളുടെ സാമൂഹിക പരിഷ്കർത്താവായിരുന്ന ബസവണ്ണ എന്ന ബസവേശ്വരയുടെയും ബംഗളൂരു നഗര ശിൽപിയെന്ന് അറിയപ്പെടുന്ന വൊക്കലിഗ ഭരണാധികാരിയായിരുന്ന കെംപഗൗഡയുടെയും നാല് മീറ്റർ ഉയരമുള്ള വെങ്കലപ്രതിമകളാണ് വിധാൻസൗധയിൽ ഉദ്ഘാടനം ചെയ്തത്.
ബിദർ ജില്ലയിൽ സർദാർ പട്ടേലിന്റെ 20 അടി പ്രതിമയും അനാച്ഛാദനം ചെയ്തു. മുമ്പ് ഹൈദരാബാദിന്റെ ഭാഗമായിരുന്ന ബിദാർ ജില്ലയെ പട്ടേലിന്റെ ഇടപെടൽ മൂലമാണ് നിസാം ഭരണത്തിൽനിന്ന് മോചിപ്പിച്ചതെന്നും പോരാട്ടത്തിൽ മരിച്ച ബിദറിലെ ഗോർത്ത ഗ്രാമവാസികളുടെ ഓർമക്കായി 50 കോടിയുടെ സൗണ്ട് ആൻഡ് ലൈറ്റ് ഷോയും സ്മാരകവും പണിയുമെന്നും അമിത് ഷാ പറഞ്ഞു. ഒരിടത്തും സംസ്ഥാനത്തെ ബി.ജെ.പി സർക്കാറിെന്റ ഭരണനേട്ടം പരാമർശിച്ചില്ല. ഈയടുത്താണ് കെംപെഗൗഡയുടെ 108 അടി ഉയരമുള്ള 100 കോടി ചെലവിലുള്ള കൂറ്റൻ വെങ്കല പ്രതിമ ബംഗളൂരു വിമാനത്താവളത്തിനു മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്. ഈ സമുദായങ്ങളുടെ പിന്തുണ നേടാൻ ചരിത്രസത്യത്തിന് വിരുദ്ധമായി ടിപ്പുസുൽത്താന്റെ അന്ത്യവുമായി ബന്ധപ്പെട്ട നുണക്കഥയും ബി.ജെ.പി പ്രചരിപ്പിക്കുന്നുണ്ട്. വൊക്കലിഗ പോരാളികളായ ഉരിഗൗഡ, നഞ്ചഗൗഡ എന്നിവരാണ് ടിപ്പുവിനെ വധിച്ചതെന്നാണ് പ്രചാരണം. സംഘ്പരിവാർ സഹയാത്രികനായ അദ്ദണ്ഡ കരിയപ്പയുടെ ‘ടിപ്പു നിജ കനസുഗളു’എന്ന നാടകത്തിലെ സാങ്കൽപിക കഥാപാത്രങ്ങളാണ് യഥാർഥത്തിൽ ഉരിഗൗഡയും നഞ്ചഗൗഡയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.