ബി.കെ. ഹരിപ്രസാദിന്റെ ‘സിദ്ധ വിമർശനം’ പുകഞ്ഞ് കർണാടക കോൺഗ്രസ്
text_fieldsബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ ബി.കെ. ഹരിപ്രസാദിന്റെ വിമർശനങ്ങളിൽ പുകഞ്ഞ് കർണാടക കോൺഗ്രസ്. തനിക്കെതിരെ തുടർച്ചയായി രൂക്ഷ വിമർശനമുയർത്തുന്ന ഹരിപ്രസാദിനെതിരെ അച്ചടക്ക നടപടി വേണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ ഹൈകമാൻഡിനെ സമീപിച്ചു. ഹരിപ്രസാദിന്റെ വിമർശനങ്ങളെ ഗുരുതരമായാണ് പാർട്ടി കാണുന്നതെന്നും അദ്ദേഹം ഇതിന് പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും വ്യവസായ മന്ത്രിയും കോൺഗ്രസിന്റെ കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ചെയർമാനുമായ എം.ബി. പാട്ടീൽ മുന്നറിയിപ്പ് നൽകി.
അതേസമയം, വിഷയത്തിൽ ഇടപെട്ട ഹൈകമാൻഡ് ഹരിപ്രസാദിനെ കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ച് അനുനയിപ്പിച്ചതായി അറിയുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള അഭിപ്രായ വ്യത്യാസം പൊതുയിടത്തിൽ പ്രകടിപ്പിക്കരുതെന്നും വിഷയം ആഭ്യന്തരമായി പരിഹരിക്കാമെന്നും അദ്ദേഹത്തെ നേതൃത്വം അറിയിച്ചു.
കോൺഗ്രസിലെ മുതിർന്ന നേതാവ് ബി.കെ. ഹരിപ്രസാദ് മുൻ എം.പിയും നിലവിൽ കർണാടക നിയമനിർമാണ കൗൺസിൽ അംഗവും കൗൺസിൽ പ്രതിപക്ഷ നേതാവുമാണ്. നേരത്തേ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്നു. മന്ത്രിസ്ഥാനം നൽകാത്തതിനെത്തുടർന്നാണ് സിദ്ധരാമയ്യയുമായി ഇടയുന്നത്.
തന്നെ തഴഞ്ഞത് സിദ്ധരാമയ്യയാണെന്ന് പരസ്യമായി പ്രസ്താവന നടത്തിയ ഹരിപ്രസാദ് പല സന്ദർഭങ്ങളിലായി രൂക്ഷവിമർശനമുയർത്തി. മുഖ്യമന്ത്രിയാക്കാനറിയാമെങ്കിൽ താഴെയിറക്കാനുമറിയാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സെപ്റ്റംബർ ഒമ്പതിന് പാലസ് മൈതാനത്ത് ബിലാവ, നാമധാരി, ഈഡിഗ, പിന്നാക്ക വിഭാഗങ്ങളുടെ സമ്മേളനത്തിൽ വീണ്ടും വിമർശിച്ചതോടെയാണ് സിദ്ധരാമയ്യ വിഭാഗവും ഉണർന്നത്.
‘ഹുബ്ലോട്ട് വാച്ച് കെട്ടുകയും ദോത്തി ധരിക്കുകയും അടിയിലൊരു കാക്കി ട്രൗസറിടുകയും ചെയ്താൽ സോഷ്യലിസ്റ്റാവില്ല’ എന്നായിരുന്നു വിമർശനം. സിദ്ധരാമയ്യയുടെ പേരെടുത്ത് പറയാതെ സൂചനകളോടെയായിരുന്നു വിമർശനം. പാർട്ടിയിൽ നിരവധി സ്ഥാനമാനങ്ങൾ നേടിയ ഹരിപ്രസാദ് മന്ത്രിസ്ഥാനത്തിന്റെ പേരിൽ തരംതാഴ്ന്ന വിമർശനമുയർത്തുന്നുവെന്നാണ് ചില നേതാക്കളുടെ പ്രതികരണം.
പാർട്ടിയിൽ ദേശീയതലത്തിൽ പ്രധാന ചുമതലകൾ വഹിച്ചിരുന്ന ഹരിപ്രസാദിൽനിന്നുള്ള ഈ വിമത പ്രവർത്തനം പാർട്ടിക്കും സർക്കാറിനും നാണക്കേടുണ്ടാക്കിയെന്ന് നേതൃത്വം വിലയിരുത്തുന്നു.
തന്നെ അവഗണിച്ചെന്ന് മാത്രമല്ല; മന്ത്രിസഭ രൂപവത്കരണത്തിൽ ദലിത്-പിന്നാക്ക വിഭാഗങ്ങളെ അവഗണിച്ചെന്ന പരാതിയും അദ്ദേഹം ഉയർത്തുന്നു. ഇത് പ്രതിപക്ഷം ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ പ്രധാന പ്രചാരണായുധമാക്കിയേക്കുമെന്ന ഭയം കോൺഗ്രസിനുണ്ട്. ഇത്തരം അഭിപ്രായ വ്യത്യാസങ്ങൾ പൊതുയിടത്തിലല്ല; പാർട്ടിക്കകത്താണ് പ്രകടിപ്പിക്കേണ്ടതെന്ന് മന്ത്രി ദിനേശ് ഗുണ്ടുറാവു പ്രതികരിച്ചു.
അതേസമയം, ഹരിപ്രസാദിന് പിന്തുണയുമായി ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും രംഗത്തുണ്ട്.
തന്നെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് തഴയാനുള്ള തീരുമാനം വന്നത് കർണാടക കോൺഗ്രസിലെ നേതാക്കളിൽനിന്നല്ലെന്നും ദേശീയ നേതൃത്വത്തിൽനിന്നാണെന്നും പരമേശ്വര പ്രതികരിച്ചു. ഹരിപ്രസാദിന്റെ പ്രസ്താവന അവരുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടാകുമെന്നും പരമേശ്വര കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.