ബി.എൽ. സന്തോഷ്, പ്രൾഹാദ് ജോഷി എന്നിവർ മുഖ്യമന്ത്രിയാവില്ല -ബി.ജെ.പി എം.എൽ.എ
text_fieldsബംഗളൂരു: ബി.ജെ.പി അധികാരത്തിൽ വന്നാൽ ബി.എൽ. സന്തോഷോ പ്രൾഹാദ് ജോഷിയോ മുഖ്യമന്ത്രിയാവില്ലെന്നും ലിംഗായത്ത് നേതാവുതന്നെ മുഖ്യമന്ത്രിയാവുമെന്നും ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ. നാവൽഗുഡിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നേതാക്കളായ ബി.എൽ. സന്തോഷും പ്രൾഹാദ് ജോഷിയും മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലി നടത്തുന്നെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മുതിർന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവന.
ലിംഗായത്ത് നേതാവ് തന്നെ മുഖ്യമന്ത്രിയാവുമെന്ന് ബി.ജെ.പി കർണാടക അധ്യക്ഷൻ നളിൻ കുമാർ കട്ടീലും വ്യക്തമാക്കി. ലിംഗായത്ത് സമുദായത്തിൽനിന്നുള്ള നേതാക്കൾക്ക് ബി.ജെ.പി മുഖ്യമന്ത്രിപദവി നൽകിയിട്ടുണ്ട്. ജഗദീഷ് ഷെട്ടാറിന്റെ രാഷ്ട്രീയ വളർച്ചയിൽ ബി.ജെ.പി പ്രധാന പങ്കുവഹിച്ചു. എം.എൽ.എയും മന്ത്രിയും മുഖ്യമന്ത്രിയുമാക്കി. എന്നിട്ടും അദ്ദേഹം പാർട്ടി വിട്ടു. കോൺഗ്രസിലെ കയ്പേറിയ യാഥാർഥ്യങ്ങൾ അദ്ദേഹം വൈകാതെ തിരിച്ചറിയുമെന്നും കട്ടീൽ പറഞ്ഞു.
ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാർ, ലക്ഷ്മൺ സവാദി എന്നീ നേതാക്കളെ ഉപയോഗിച്ച് ലിംഗായത്ത് സ്വാധീന മേഖലകളിൽ പയറ്റാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇത് തിരിച്ചടിയാകുമെന്ന് കണ്ട് ബി.ജെ.പി ലിംഗായത്ത് വികാരം ഇളക്കിയാണ് മറുപ്രചാരണം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.