അഞ്ചു ദിവസത്തിനിടെ ബി.ആർ.ടി ഹിൽസിൽ മൂന്ന് കാട്ടാനകളുടെ ജഡം കണ്ടെത്തി
text_fieldsബംഗളൂരു: ചാമരാജ് നഗറിലെ ബിലിഗിരി രംഗസ്വാമി ടെമ്പ്ൾ (ബി.ആർ.ടി) ടൈഗർ റിസർവിൽ അഞ്ചു ദിവസത്തിനിടെ മൂന്ന് കാട്ടാനകളുടെ ജഡം കണ്ടെത്തി. രണ്ട് കൊമ്പനാനയുടെയും ഒരു പിടിയാനയുടെയും ജഡമാണ് കണ്ടെത്തിയത്. ആഗസ്റ്റ് 27നായിരുന്നു സംരക്ഷിത വനത്തിൽ രണ്ടിടങ്ങളിലായി ആദ്യം രണ്ടു ജഡങ്ങൾ കണ്ടത്.
ബെറ്റലകട്ടെ ബീറ്റ് ഏരിയയിൽ 40 വയസ്സ് തോന്നിക്കുന്ന കൊമ്പന്റെ മൃതദേഹമാണ് വനംവകുപ്പ് ജീവനക്കാർ കണ്ടത്. ഇതിന് രണ്ടാഴ്ചയോളം പഴക്കമുണ്ടായിരുന്നു. രണ്ടു കൊമ്പുകളും സ്ഥലത്തുണ്ടായിരുന്നു. ബെയ്ലൂരു ഭാഗത്തുനിന്ന് 45 വയസ്സ് മതിക്കുന്ന കൊമ്പന്റെ മൃതദേഹ അവശിഷ്ടങ്ങളും കണ്ടെത്തി. ഏഴുമാസം മുമ്പ് ഇത് ചെരിഞ്ഞിരിക്കാമെന്നാണ് വനംവകുപ്പിന്റെ നിഗമനം. കഴിഞ്ഞ വെള്ളിയാഴ്ച ബെയ്ലൂരു മാവത്തൂർ ഭാഗത്ത് പിടിയാനയുടെ ജഡവും കണ്ടെത്തി. ഇതിന് ഏകദേശം 60 വയസ്സ് തോന്നിക്കും. മൂന്നും സ്വാഭാവിക മരണമാണെന്നാണ് അനുമാനം. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി അവശിഷ്ടങ്ങൾ വനത്തിൽതന്നെ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.