ബോംബ് ഭീഷണി, സുരക്ഷ ജീവനക്കാരന് മർദനം; വിമാനത്താവളത്തിൽ മലയാളി യുവതി അറസ്റ്റിൽ
text_fieldsബംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കുകയും സുരക്ഷ ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ മലയാളി യുവതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശിനി മാനസി സതീബൈനുവാണ് (31) അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ 8.15നും 8.45നും ഇടയിലാണ് സംഭവം. കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റെടുത്ത യുവതിയെ ബോർഡിങ് സമയം കഴിഞ്ഞതിനാൽ സുരക്ഷ ഉദ്യോഗസ്ഥൻ അകത്തേക്ക് കയറ്റിവിടാതിരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ആറാംനമ്പർ ബോർഡിങ് ഗേറ്റിന് സമീപമെത്തിയ യുവതി തന്നെ യാത്രചെയ്യാൻ അനുവദിക്കണമെന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടു. എന്നാൽ, ബോർഡിങ് സമയം കഴിഞ്ഞതിനാൽ അകത്തേക്ക് പ്രവേശിക്കാനാവില്ലെന്ന് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഇതോടെ യുവതി ബഹളംവെച്ചു. ബോർഡിങ് ഗേറ്റിന് സമീപത്തേക്ക് ചെന്ന്, വിമാനത്താവളത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നും യാത്രക്കാർ ഓടിരക്ഷപ്പെട്ടോളൂ എന്നും വിളിച്ചുപറഞ്ഞു. തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ യൂനിഫോമിൽ കയറിപ്പിടിച്ച യുവതി അസഭ്യവർഷം നടത്തി. തുടർന്ന് ബിയാൽ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തുനീക്കി.
യുവതി ആക്രമിക്കാൻ ശ്രമിച്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ സന്ദീപ് സിങ്ങിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 505, 323, 353 വകുപ്പുകൾ പ്രകാരമാണ് കേസ്. യുവതിയുടെ പെരുമാറ്റം കൊണ്ടുണ്ടായ സംഭവവികാസങ്ങളിൽ ബന്ധുക്കൾ ഖേദം പ്രകടിപ്പിച്ചു. ചില വിഷയങ്ങൾ കാരണം യുവതിക്ക് അസ്വസ്ഥയായിരുന്നെന്ന് അവർ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.