മഹാരാഷ്ട്രയുമായുള്ള അതിർത്തിത്തർക്കം; അഭിഭാഷകർക്ക് കർണാടക നൽകുക 59.9 ലക്ഷം
text_fieldsബംഗളൂരു: കർണാടകയും മഹാരാഷ്ട്രയും തമ്മിലുള്ള അതിർത്തിത്തർക്ക കേസിൽ സുപ്രീംകോടതിയിൽ ഹാജരാകുന്ന അഭിഭാഷകസംഘത്തിന് കർണാടക നൽകുക പ്രതിദിനം 59.9 ലക്ഷം രൂപ. മുകുൾ റോഹതഗി അടക്കമുള്ള മുതിർന്ന അഭിഭാഷകരുടെ സംഘത്തിനാണ് ഫീസായി ഈ തുക നൽകുക.
സുപ്രീം കോടതിയിൽ കർണാടകയെ പ്രതിനിധാനംചെയ്യുന്ന അഭിഭാഷക സംഘത്തിനുള്ള ഫീസ് നിശ്ചയിച്ചുവെന്നും വ്യവസ്ഥകളും നിബന്ധനകളും തയാറായിട്ടുണ്ടെന്നും കർണാടക നിയമ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.
ബെളഗാവി ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ തങ്ങളുടേതാണെന്ന അവകാശമുന്നയിച്ച് മഹാരാഷ്ട്ര സർക്കാർ സുപ്രീംകോടതിയിൽ 4/2004 നമ്പറിൽ ഹരജി നൽകിയിരുന്നു. ഈ കേസിലാണ് കർണാടകക്കായി അഭിഭാഷക സംഘം ഹാജരാകുക.
ജനുവരി 18നാണ് ഉത്തരവ് ഇറങ്ങിയത്. ഇതുപ്രകാരം മുതിർന്ന അഭിഭാഷകൻ മുകുൾ റോഹതകിക്ക് സുപ്രീംകോടതിയിൽ ഒരു ദിവസം ഹാജരാകാൻ 22 ലക്ഷം രൂപയാണ് നൽകുക. കേസുമായി ബന്ധപ്പെട്ട യോഗങ്ങളിൽ പങ്കെടുക്കാനും മറ്റു ജോലികൾക്കും ഒരു ദിവസം 5.5ലക്ഷം വേറെയും നൽകും.
മറ്റൊരു അഭിഭാഷകൻ ശ്യം ദിവാന് ഒരു ദിവസം ഹാജരാകുന്നതിന് ആറു ലക്ഷം രൂപയാണ് നൽകുക. കേസിനായുള്ള മുന്നൊരുക്കങ്ങൾ, മറ്റു ജോലികൾ എന്നിവക്ക് ദിവസം 1.5 ലക്ഷവും നൽകും. കേസുമായി ബന്ധപ്പെട്ട് മറ്റിടങ്ങളിൽ പോകാൻ ദിവസം 10 ലക്ഷം രൂപയും നൽകും.
ഇതിനായുള്ള ഹോട്ടൽ ബില്ലുകൾ, വിമാനത്തിലെ ബിസിനസ് ക്ലാസ് യാത്ര എന്നിവക്കുള്ള ചെലവുകളും കർണാടക സർക്കാർ വഹിക്കും. കർണാടക അഡ്വക്കറ്റ് ജനറലിന് ഒരു ദിവസം സുപ്രീംകോടതിയിൽ ഹാജരാകാൻ മൂന്നുലക്ഷം രൂപയാണ് നൽകുക.
കേസിന്റെ മുന്നൊരുക്കങ്ങൾക്കും മറ്റു ജോലികൾക്കും 1.25 ലക്ഷം രൂപയും ദിവസം നൽകും. മറ്റിടങ്ങളിലെ സന്ദർശനത്തിന് ദിവസം രണ്ടു ലക്ഷം രൂപയും നൽകും. ഹോട്ടൽ, വിമാനയാത്രാചെലവ് എന്നിവ സർക്കാർ വഹിക്കും.
കർണാടക മുൻ അഡ്വക്കറ്റ് ജനറൽ ഉദയ് ഹൊല്ലയുടെ സേവനവും സർക്കാർ തേടിയിട്ടുണ്ട്. ഇദ്ദേഹത്തിന് സുപ്രീംകോടതിയിൽ ഹാജരാകാൻ ദിവസം രണ്ടു ലക്ഷം രൂപയാണ് ഫീസായി നൽകുക. മറ്റു തയാറെടുപ്പുകൾക്ക് ദിവസം 75,000 രൂപയും നൽകും.
മറ്റു ജോലികൾക്കും വാദം തീർപ്പാക്കൽ നടപടികൾക്കുമായി ഇദ്ദേഹത്തിന് 1.5 ലക്ഷം രൂപയാണ് ദിവസം നൽകുക. മറ്റിടങ്ങളിലെ സന്ദർശനത്തിന് 1.5 ലക്ഷം രൂപയും ദിവസം നൽകും.1960ൽ മഹാരാഷ്ട്ര സ്ഥാപിതമായതുമുതൽ അയൽ സംസ്ഥാനമായ കർണാടകയിലെ ബെളഗാവി (ബെൽഗാം) ജില്ലയുമായി ബന്ധപ്പെട്ട് അതിർത്തിത്തർക്കം ഉണ്ട്. ബെളഗാവിയിൽ 70 ശതമാനത്തോളം മറാത്ത സംസാരിക്കുന്ന ജനങ്ങൾ അധിവസിക്കുന്ന ഗ്രാമങ്ങളാണ്.
ഇത് തങ്ങളുടെ അധീനതയിൽ ആക്കണമെന്നതാണ് മഹാരാഷ്ട്രയുടെ വാദം. 1956ലെ സ്റ്റേറ്റ് റകഗ്നിഷൻ നിയമം നടപ്പാക്കിയതിനു ശേഷം കർണാടകയുമായുള്ള അതിർത്തി പുനർനിർണയിക്കണമെന്നും മഹാരാഷ്ട്ര ആവശ്യപ്പെടുന്നു. തുടർന്നാണ് ഇരുസംസ്ഥാനങ്ങളും നാലംഗ സമിതി രൂപവത്കരിച്ചത്. തങ്ങളുടെ അധീനതയിലുള്ള കന്നട ഭാഷ സംസാരിക്കുന്നവർ അധിവസിക്കുന്ന 260 ഗ്രാമങ്ങൾ കർണാടകക്ക് നൽകാമെന്നും മഹാരാഷ്ട്ര പറയുന്നു.
എന്നാൽ ഇക്കാര്യങ്ങൾ തുടക്കം മുതൽ കർണാടക എതിർക്കുകയാണ്. ഇതോടെയാണ് ഇരുകൂട്ടരും പരമോന്നത കോടതിയെ സമീപിച്ചത്. കേസിപ്പോൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിർത്തിത്തർക്കം ഈയടുത്ത് മേഖലയിൽ സംഘർഷത്തിനിടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.