കൈക്കൂലി: രണ്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ പിടിയിൽ
text_fieldsബംഗളൂരു: കൈക്കൂലി കേസിൽ രണ്ട് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. സ്പെഷൽ ലാൻഡ് അക്വിസിഷൻ ഓഫിസർ ടു എ.ബി. വിജയകുമാർ, കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡ് (കെ.ഐ.എ.ഡി.ബി) സർവേയർ രഘുനാഥ് എന്നിവരാണ് അറസ്റ്റിലായത്. ഭഗത് സിങ് എന്നയാളുടെ പരാതിയിലാണ് നടപടി. തന്റെ ഭൂമി കെ.ഐ.എ.ഡി.ബി ഏറ്റെടുത്തിട്ടില്ലെന്നതിനുള്ള 'നോ ഒബ്ജക്ഷൻ' സട്ടിഫിക്കറ്റിനായാണ് പരാതിക്കാരൻ ഉദ്യോഗസ്ഥരെ സമീപിച്ചത്. ഇതിനായി 2.5 ലക്ഷം രൂപയാണ് ഉദ്യോഗസ്ഥർ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
തുക കിട്ടിയതിനു ശേഷമാണ് സർട്ടിഫിക്കറ്റ് അനുവദിച്ചത്. എന്നാൽ പരാതിക്കാരൻ സംഭവം കെ.ഐ.എ.ഡി.ബി ഡെപ്യൂട്ടി കമീഷണറെ (ലാൻഡ് അക്വിസിഷൻ) അറിയിച്ചു. ഇതോടെ ഉദ്യോഗസ്ഥർ കൈക്കൂലിയായി സ്വീകരിച്ച പണവും കൂടുതലായി 50,000 രൂപയും പരാതിക്കാരന് തിരിച്ചുനൽകാമെന്ന് സമ്മതിച്ചു. പകരമായി പരാതി പിൻവലിക്കണമെന്നും പറഞ്ഞു. കൈക്കൂലി തുക തിരിച്ചുനൽകവേയാണ് ഉദ്യോഗസ്ഥർ അറസ്റ്റിലായതെന്ന് ലോകായുക്ത പൊലീസ് അറിയിച്ചു. അന്വേഷണത്തിനായി ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ കഴിയുകയാണ്. ബംഗളൂരു സിറ്റി ലോകായുക്ത പൊലീസ് എസ്.പി. അശോക് കെ.വിയുടെ നിർദേശപ്രകാരം ഡിവൈ.എസ്.പി പ്രദീപ് ആണ് നടപടിയെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.