ബസ് യാത്രക്കാരന് തേളിന്റെ കുത്തേറ്റു; രക്ഷക്കെത്തി ഹോട്ടലുടമ
text_fieldsമംഗളൂരു: കർണാടക ആർ.ടി.സി ബസ് യാത്രക്കാർക്ക് ആഹാരം കഴിക്കാൻ നിർത്തിയ വേളയിൽ തേളിന്റെ കുത്തേറ്റയാൾക്ക് ഹോട്ടൽ ഉടമയുടെ പ്രഥമശുശ്രൂഷ തുണയായി. ദക്ഷിണ കന്നട ജില്ലയിൽ സമ്പാജെയിലെ ഇന്ത്യ ഗേറ്റ് ഹോട്ടൽ ഉടമയും എസ്.കെ.എസ്.എസ്.എഫ് വിഖായ വളന്റിയറുമായ താജുദ്ദീൻ ടാർലി നടത്തിയ തത്സമയ ഇടപെടലാണ് ശിവമൊഗ്ഗയിലെ സോഫ്റ്റ്വെയർ എൻജിനീയർ ബി.എസ്. പ്രദീപ് കുമാറിന് രക്ഷയായത്.
പുത്തൂരിൽനിന്ന് ബംഗളൂരുവിലേക്കുള്ള ബസിൽ യാത്രക്കാരനായിരുന്ന തനിക്ക് ഈ മാസം രണ്ടിനുണ്ടായ അനുഭവം മറക്കാനാവില്ലെന്ന് പ്രദീപ് കുമാർ പറഞ്ഞു. തേളിന്റെ കുത്തേറ്റ് പിടഞ്ഞ ആ നേരം പ്രഥമശുശ്രൂഷ വലിയ ആശ്വാസമാണ് നൽകിയത്. വിശ്രമം കഴിഞ്ഞ് പ്രദീപ് താജുദ്ദീനെ നന്ദി അറിയിക്കാൻ സമ്പാജെയിൽ ഹോട്ടലിൽ എത്തി.
എസ്.കെ.എസ്.എസ്.എഫ് ദക്ഷിണ കന്നഡ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഭിച്ച പ്രത്യേക പരിശീലനമാണ് പ്രദീപിന് പ്രഥമ ശുശ്രൂഷ നൽകാൻ സഹായകമായതെന്ന് താജുദ്ദീൻ ‘മാധ്യമ’ത്തോട് പറഞ്ഞു. തന്റെ ഹോട്ടലിന് മുന്നിലാണ് ബസ് നിർത്തിയത്. തേള് കുത്തിയതറിഞ്ഞയുടൻ സന്നദ്ധ പ്രവർത്തന ഭാഗമായി പ്രഥമ ശുശ്രൂഷ നൽകുകയായിരുന്നു. ശേഷം ഹോട്ടൽ ജീവനക്കാരൻ ഇർഫാന്റെ ബൈക്കിൽ പ്രദീപനെ അടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
മടിക്കേരി ജില്ല ആശുപത്രിയിൽ തുടർചികിത്സ നൽകാം എന്നാണ് ബസ് ഡ്രൈവർ നിർദേശിച്ചതെങ്കിലും താൻ ആംബുലൻസ് ഏർപ്പാട് ചെയ്ത് എത്രയും വേഗം സുള്ള്യ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രഥമശുശ്രൂഷയിൽ വിഷം ഇറങ്ങിയതായി ഡോക്ടർമാർ പ്രദീപ് കുമാറിനെ അറിയിച്ചു.
24 മണിക്കൂർ അവിടെ ഐ.സി.യുവിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം ആശുപത്രി വിട്ടു. പ്രദീപ് കുമാർ പൂർണ ആരോഗ്യവാനാണെന്ന് ബന്ധുക്കളായ ഡോക്ടർമാരും അറിയിച്ചതിനെത്തുടർന്നാണ് സന്തോഷം പങ്കിടാൻ താജുദ്ദീനെ തേടി എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.