പുതിയ 100 ബസുകൾ നിരത്തിലിറക്കി ബി.എം.ടി.സി
text_fieldsബംഗളൂരു: നഗരത്തിലെ ബസ് യാത്രികർക്കാശ്വാസമായി കൂടുതൽ ബസുകൾ പുറത്തിറക്കി ബി.എം.ടി.സി. വ്യാഴാഴ്ച രാവിലെ വിധാൻ സൗധക്ക് മുന്നിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ബസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. 336 കോടി രൂപ ചെലവഴിച്ച് പുറത്തിറക്കുന്ന 840 ബസുകളിൽ ആദ്യ ഘട്ടമായ 100 ബസുകളാണ് ഇന്നലെ പുറത്തിറക്കിയത്.
നഗരത്തിൽ ബി.എം.ടി.സിക്ക് 50 ഡിപ്പോകളിലായി 7000 ബസുകളാണ് നിലവിലുള്ളത്. 40 ലക്ഷത്തോളം യാത്രക്കാർ പ്രതിദിനം യാത്രക്കായി ബി.എം.ടി.സിയുടെ ബസുകളുപയോഗിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം ബി.എം.ടി.സിയുടെ ബസിൽ ഹെബ്ബാൾ ഫ്ലൈ ഓവർ സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. ഒച്ചിഴയും വേഗത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കെ.ആർ പുര ഭാഗത്തേക്കുള്ള ഫ്ലൈ ഓവറിന്റെ നിർമാണം വേഗത്തിലാക്കാൻ അദ്ദേഹം ബംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ) ചെയർമാനോടാവശ്യപ്പെട്ടു.
ശേഷം നഗരത്തിലെ വിവിധയിടങ്ങളിലെ മെട്രോ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ മുഖ്യമന്ത്രി റോഡുകളിൽ രൂപപ്പെട്ട വൻ ഗർത്തങ്ങൾ എത്രയും വേഗം ഇല്ലാതാക്കാൻ ബി.ബി.എം.പി ചീഫ് എൻജിനീയറോടാവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.