ഉപതെരഞ്ഞെടുപ്പ്; സന്ദൂറിൽ അന്നപൂർണ കോൺഗ്രസ് സ്ഥാനാർഥി
text_fieldsബംഗളൂരു: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സന്ദൂറിൽ ബെള്ളാരി എം.പി ഇ. തുക്കാറാമിന്റെ ഭാര്യ അന്നപൂർണ കോൺഗ്രസ് സ്ഥാനാർഥിയാവുമെന്നും ചന്നപട്ടണ, ഷിഗ്ഗോൺ സീറ്റുകളിലെ സ്ഥാനാർഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവംബർ 13ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനായി കോൺഗ്രസ് പൂർണ സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാറിന്റെ സഹോദരൻ ഡി.കെ. സുരേഷിനെ ചന്നപട്ടണയിൽ സ്ഥാനാർഥിയാക്കുമോ എന്ന ചോദ്യത്തിന്, അദ്ദേഹത്തിന്റെ പേര് ലിസ്റ്റിലുണ്ടെന്നും എന്താണ് സംഭവിക്കുകയെന്ന് നോക്കാമെന്നുമായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ചയാണെന്നിരിക്കെ ചന്നപട്ടണ സീറ്റിൽ കോൺഗ്രസും ജെ.ഡി-എസും സസ്പെൻസ് തുടരുകയാണ്. കോൺഗ്രസിലെ ഇ. തുകാറാം, ബി.ജെ.പിയിലെ ബസവരാജ് ബൊമ്മൈ, ജെ.ഡി-എസിലെ എച്ച്.ഡി. കുമാരസ്വാമി എന്നിവർ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഇവർ പ്രതിനിധാനം ചെയ്തിരുന്ന നിയമസഭ മണ്ഡലങ്ങളായ ബെള്ളാരിയിലെ സന്ദൂർ, ഹാവേരിയിലെ ഷിഗ്ഗോൺ, രാമനഗരയിലെ ചന്നപട്ടണ എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഒക്ടോബർ 30 ആണ് നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. ഷിഗ്ഗോൺ, സന്ദൂർ സീറ്റുകളിൽ ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബംഗളൂരു റൂറലിൽ ഡി.കെ. സുരേഷിനേറ്റ അപ്രതീക്ഷിത തോൽവിക്ക് ജെ.ഡി-എസിന് കണക്കുതീർക്കാനാണ് ഡി.കെ. ശിവകുമാറിന്റെ ശ്രമം. എന്തുവില കൊടുത്തും ചന്നപട്ടണ ജയിക്കാൻ ലോക്സഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ശിവകുമാർ കരുനീക്കിത്തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ബി.ജെ.പി എം.എൽ.സി സ്ഥാനം രാജിവെച്ച സി.പി. യോഗേശ്വറിനെ കോൺഗ്രസ് ടിക്കറ്റിൽ ശിവകുമാർ രംഗത്തിറക്കിയേക്കുമെന്ന അഭ്യൂഹവുമുണ്ട്.
സി.പി. യോഗേശ്വർ കോൺഗ്രസിൽ ചേർന്ന് മത്സരിക്കുമെന്ന അഭ്യൂഹം സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ചോദിച്ചപ്പോൾ, താൻ അദ്ദേഹവുമായി സംസാരിച്ചിട്ടില്ലെന്നും ചന്നപട്ടണ മേഖലയിൽനിന്നുള്ള നേതാവുകൂടിയായ കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാർ ഇക്കാര്യത്തിൽ എന്തു തീരുമാനമാണെടുക്കുകയെന്ന് കാണാമെന്നും അദ്ദേഹം പ്രതികരിച്ചു. ഉചിതമായ സ്ഥാനാർഥിക്ക് ടിക്കറ്റ് നൽകണം. അദ്ദേഹം ചർച്ച ചെയ്ത് തീരുമാനമെടുക്കും.
കോൺഗ്രസിന്റെ ആദർശത്തിലേക്ക് വരുന്നവരെ കോൺഗ്രസ് സ്വീകരിക്കും -സിദ്ധരാമയ്യ വ്യക്തമാക്കി. രാജിവെച്ച ശേഷം കോൺഗ്രസിൽ ചേരുന്ന കാര്യം സംബന്ധിച്ച് യോഗേശ്വർ ഒന്നും തള്ളിപ്പറഞ്ഞിരുന്നില്ല. തന്റെ കാര്യത്തിൽ നാളെ എന്തു സംഭവിക്കുമെന്ന് പറയാനാകില്ലെന്നും യോഗേശ്വർ പറഞ്ഞിരുന്നു. അതേസമയം, ചന്നപട്ടണയിൽ മത്സരിക്കാൻ തനിക്കുമേൽ പ്രവർത്തകരുടെയും നേതാക്കളുടെയും സമ്മർദമുണ്ടെന്ന പ്രസ്താവനയുമായി ഡി.കെ. സുരേഷും രംഗത്തുവന്നിരുന്നു.
എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ ചന്നപട്ടണയിൽ സ്ഥാനാർഥിയാക്കാനാണ് ജെ.ഡി-എസ് നീക്കം. ചൊവ്വാഴ്ച ചന്നപട്ടണയിലെ നേതാക്കളുടെയും പ്രവർത്തകരുടെയും കൺവെൻഷൻ ബംഗളൂരുവിലെ പാർട്ടി ആസ്ഥാനത്ത് വിളിച്ചുചേർത്തിരുന്നു. യോഗത്തിൽ പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.