ചന്നപട്ടണ: സ്ഥാനാർഥി മോഹം വ്യക്തമാക്കി ഡി.കെ. സുരേഷ്
text_fieldsബംഗളൂരു: ചന്നപട്ടണയിൽ കോൺഗ്രസ് സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനിരിക്കെ, സ്ഥാനാർഥി മോഹം വ്യക്തമാക്കി മുൻ എം.പിയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ സഹോദരനുമായ ഡി.കെ. സുരേഷ്. ചന്നപട്ടണയിൽ മത്സരിക്കാൻ പാർട്ടി പ്രവർത്തകരിൽനിന്നും നേതാക്കളിൽനിന്നും തനിക്ക് സമ്മർദമുണ്ടെന്ന് ഡി.കെ. സുരേഷ് പറഞ്ഞു. ഞായറാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി എന്തു തീരുമാനമെടുത്താലും മറ്റു പ്രവർത്തകരെയും നേതാക്കളെയും താൻ അനുസരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘‘കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിൽ ചന്നപട്ടണയിലെ നേതാക്കളുമായും പ്രവർത്തകരുമായും ഞങ്ങൾ ചർച്ച നടത്തി അഭിപ്രായം ശേഖരിച്ചു. പാർട്ടിയുടെ തീരുമാനം എന്തായാലും അനുസരിക്കുമെന്നാണ് അവർ അറിയിച്ചത്. അതോടൊപ്പം മത്സരിക്കണമെന്നുള്ള സമ്മർദവും എനിക്കുമേലുണ്ട്. മത്സരിക്കാൻ ഒരവസരം നൽകണമെന്ന് നേതാക്കളോട് ഞാൻ അഭ്യർഥിച്ചിരുന്നു. പാർട്ടി തീരുമാനം എന്തായാലും രണ്ടുമൂന്നു ദിവസത്തിനകം അറിയാം’’ -ഡി.കെ. സുരേഷ് പറഞ്ഞു.
നവംബർ 13നാണ് ചന്നപട്ടണ, ഷിഗ്ഗോൺ, സന്ദൂർ എന്നീ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ്. മൂന്ന് സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഷിഗ്ഗോണിലും സന്ദൂറിലും ബി.ജെ.പി സ്ഥാനാർഥികളെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.
ഷിഗ്ഗോണിൽ മുൻ മുഖ്യമന്ത്രിയും ഹാവേരി എം.പിയുമായ ബസവരാജ് ബൊമ്മൈയുടെ മകൻ ഭരത് ബസവരാജ് ബൊമ്മൈയും സന്ദൂറിൽ ബംഗാരു ഹനുമന്തുവുമാണ് ബി.ജെ.പി സ്ഥാനാർഥികൾ. എച്ച്.ഡി. കുമാരസ്വാമി രാജിവെച്ച ചന്നപട്ടണ സീറ്റ് ജെ.ഡി-എസിനുതന്നെ നൽകാനാണ് ബി.ജെ.പി തീരുമാനം. ഈ സീറ്റിൽ ബുധനാഴ്ചക്കകം സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് ഞായറാഴ്ച എച്ച്.ഡി. കുമാരസ്വാമി മാണ്ഡ്യയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.