ഉപതെരഞ്ഞെടുപ്പ്; ചന്നപട്ടണയിൽ 84.26 ശതമാനം പോളിങ്; ഷിഗാവ് -75.7, സന്ദൂർ -71.74
text_fieldsബംഗളൂരു: കർണാടകയിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ബുധനാഴ്ച നടന്നപ്പോൾ പ്രചാരണത്തിൽ കണ്ട ആവേശം ചന്നപട്ടണയിലെ ബൂത്തുകളിലും പ്രകടമായി. 84.26 ശതമാനമാണ് ഈ മണ്ഡലത്തിൽ പോളിങ്.
സന്ദൂർ മണ്ഡലത്തിൽ 71.47, ഷിഗാവിൽ 75.07 എന്നിങ്ങനെയാണ് പോളിങ് ശതമാനം. മൂന്നിടത്തേയും ശരാശരി ശതമാനം 76.9. വോട്ടെണ്ണൽ ഈ മാസം 23ന് നടക്കും. കോൺഗ്രസും എൻ.ഡി.എയും തമ്മിൽ മത്സരിച്ച മൂന്ന് മണ്ഡലങ്ങളിൽ മൊത്തം 45 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
ചന്നപട്ടണയിൽ 31, സന്ദൂരിൽ ആറ്, ഷിഗാവിൽ എട്ട് എന്നിങ്ങനെ. ഏഴ് ലക്ഷം വോട്ടർമാർക്കായി 770 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിരുന്നു. മുൻ മുഖ്യമന്ത്രിയും കേന്ദ്ര ഉരുക്ക് -വൻകിട വ്യവസായ മന്ത്രിയുമായ ജെ.ഡി.എസ് കർണാടക അധ്യക്ഷൻ എച്ച്.ഡി. കുമാര സ്വാമി എം.എൽ.എ സ്ഥാനം രാജിവെച്ച ഒഴിവിലാണ് ചന്നപട്ടണ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയാണ് എൻ.ഡി.എ സ്ഥാനാർഥി. ബി.ജെ.പിയിൽനിന്ന് എം.എൽ.സി സ്ഥാനം രാജിവെച്ച് കോൺഗ്രസിൽ എത്തിയ സി.പി. യോഗേശ്വറാണ് എതിരാളി. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ലോക്സഭ അംഗമായതിനെത്തുടർന്ന് എം.എൽ.എ പദവി രാജിവെച്ച ഒഴിവിലാണ് ഷിഗാവിൽ തെരഞ്ഞെടുപ്പ്.
ബസവരാജ് ബൊമ്മൈയുടെ മകൻ ഭരത് ബൊമ്മൈയാണ് എൻ.ഡി.എ സ്ഥാനാർഥി. കോൺഗ്രസിന്റെ യാസിർ അഹമ്മദ് ഖാനാണ് എതിരാളി. കോൺഗ്രസിന്റെ ഇ. തുക്കാറാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാൽ എം.എൽ.എ സ്ഥാനം രാജിവെച്ച ഒഴിവിലാണ് സന്ദൂരിൽ തെരഞ്ഞെടുപ്പ് നടന്നത്.
കോൺഗ്രസ് സ്ഥാനാർഥി അന്നപൂർണ തുക്കാറാമിന്റെ ഭാര്യയാണ്. ബംഗാര ഹനുമന്തയ്യയാണ് എൻ.ഡി.എ സ്ഥാനാർഥി. മൂന്ന് മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നു. എല്ലാ ബൂത്തുകളിലും ചന്നപട്ടണയിൽ പ്രത്യേകമായും കനത്ത പൊലീസ് സുരക്ഷ സന്നാഹം ഒരുക്കിയിരുന്നു.
മൂന്ന് മണ്ഡലങ്ങളിലും കോൺഗ്രസ് വിജയിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച മൈസൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്നിടത്തും പ്രചാരണം നടത്തിയ തനിക്ക് ജനമനസ്സ് വായിക്കാൻ കഴിഞ്ഞു. വോട്ടർമാർ കോൺഗ്രസിന് അനുകൂലമായി വിധിയെഴുതുമെന്ന് കൂട്ടിച്ചേർത്തു.
മണ്ഡലത്തിൽ കോൺഗ്രസ് അനുകൂല അന്തരീക്ഷമായിരുന്നുവെന്ന് സ്ഥാനാർഥി യോഗേശ്വര പറഞ്ഞു. പാർട്ടി അണികളുടെ സമ്മർദത്തിന് വഴങ്ങി ജനവിധി തേടിയ തനിക്ക് ചന്നപട്ടണത്തെ ജനങ്ങളെ സേവിക്കാൻ അവസരം ലഭിക്കുമെന്നാണ് തികഞ്ഞ പ്രതീക്ഷയെന്ന് നിഖിൽ കുമാര സ്വാമി പറഞ്ഞു. കോൺഗ്രസിന്റെ ഭരണാധിപത്യവും പണാധിപത്യവും വാണ തെരഞ്ഞെടുപ്പാണ് നടന്നതെങ്കിലും ഷിഗാവി മണ്ഡലത്തിൽ മകൻ മിന്നും വിജയം നേടുമെന്ന് ബസവരാജ് ബൊമ്മൈ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.