മന്ത്രിസഭ വികസനം: സിദ്ധരാമയ്യയും ശിവകുമാറും ഡൽഹിയിൽ
text_fieldsബംഗളൂരു: മന്ത്രിസഭ വികസനം ചർച്ച ചെയ്യാനും മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിക്കാനും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ഡൽഹിയിലെത്തി. ബുധനാഴ്ച നിയമസഭ സമ്മേളനം പിരിഞ്ഞ ശേഷമാണ് ഇരുവരും ഹൈകമാൻഡുമായുള്ള ചർച്ചക്ക് തിരിച്ചത്. വൈകീട്ട് 6.30നുള്ള പ്രത്യേക വിമാനത്തിലായിരുന്നു സിദ്ധരാമയ്യയുടെ യാത്ര. ഉച്ചക്ക് 2.55നുള്ള എയർ ഇന്ത്യ വിമാനത്തിൽ പുറപ്പെട്ട ശിവകുമാർ വൈകീട്ട് അഞ്ചരയോടെ ഡൽഹിയിലെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ഇരു നേതാക്കളും ചർച്ച നടത്തും. മേയ് 20ന് മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ, ഡോ. ജി. പരമേശ്വര, കെ.എച്ച്. മുനിയപ്പ, കെ.ജെ. ജോർജ്, എം.ബി. പാട്ടീൽ, സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി, സമീർ അഹമ്മദ് ഖാൻ എന്നീ എട്ടു മന്ത്രിമാരാണ് ശനിയാഴ്ച ചുമതലയേറ്റത്. ഇവരുടെ വകുപ്പുകൾക്ക് പുറമെ, 34 മന്ത്രിസ്ഥാനങ്ങളുള്ള സർക്കാറിലെ ബാക്കി മന്ത്രിമാരെയും വകുപ്പുകളും തീരുമാനിക്കാനുണ്ട്.
മുഖ്യമന്ത്രിപദം സിദ്ധരാമയ്യക്ക് വിട്ടുനൽകിയ ഡി.കെ. ശിവകുമാറിന്റെ ഫോർമുല പ്രകാരം ഉപമുഖ്യമന്ത്രി പദം ഒന്നു മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. അതിനാൽ ലിംഗായത്ത് അടക്കമുള്ള പ്രബല വിഭാഗങ്ങൾ പ്രധാന വകുപ്പുകളും കുടുതൽ മന്ത്രിമാരും വേണമെന്ന ആവശ്യമുയർത്തി. ലിംഗായത്തുകളിലെ പഞ്ചമശാലി വിഭാഗം അഞ്ചു മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് അഖിലേന്ത്യ പഞ്ചമശാലി ലിംഗായത്ത് മഹാസഭ കഴിഞ്ഞ ദിവസം പ്രമേയം പാസാക്കി. പ്രമുഖ ലിംഗായത്ത് മഠമായ കുടലസംഗമ പഞ്ചമശാലി പീഠ മഠാധിപതി ബസവജയ മൃത്യുഞ്ജയ സ്വാമി യോഗത്തിൽ പങ്കെടുത്തു. ലിംഗായത്ത്, വൊക്കലിഗ, ദലിത്, ബ്രാഹ്മണ, ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യവും മേഖല പ്രാതിനിധ്യവും സീനിയോറിറ്റിയും പരിഗണിച്ചാണ് മന്ത്രിമാരെ നിശ്ചയിക്കുക. ലിംഗായത്തിൽനിന്ന് 37ഉം എസ്.സി- എസ്.ടി വിഭാഗങ്ങളിൽനിന്ന് 35ഉം മുസ്ലിംകളിൽനിന്ന് ഒമ്പതും എം.എൽ.എമാരാണ് കോൺഗ്രസിലുള്ളത്.
കഴിഞ്ഞയാഴ്ച ഡൽഹിയിൽ ഹൈകമാൻഡുമായി സിദ്ധരാമയ്യയും ശിവകുമാറും നടത്തിയ കൂടിക്കാഴ്ചയിൽ 42 പേരുടെ ആദ്യ പട്ടികയിൽനിന്ന് 28 പേരുടെ പട്ടിക തയാറാക്കിയിരുന്നു. എന്നാൽ, അന്തിമ നിമിഷം എട്ടു പേരെ മാത്രം സത്യപ്രതിജ്ഞ ചടങ്ങിൽ ഉൾപ്പെടുത്തിയ നേതൃത്വം, ബാക്കി പട്ടികയിൽ നിയമസഭ സമ്മേളനത്തിനുശേഷം ചർച്ച നടത്താമെന്ന് തീരുമാനിക്കുകയായിരുന്നു. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിൽ ജി. പരമേശ്വര, സതീഷ് ജാർക്കിഹോളി, പ്രിയങ്ക് ഖാർഗെ, കെ.എച്ച്. മുനിയപ്പ, രാമലിംഗ റെഡ്ഡി എന്നിവർ ദലിത്, പിന്നാക്ക വിഭാഗം പ്രതിനിധികളാണ്. ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് മലയാളിയായ കെ.ജെ. ജോർജിനെയും മുസ്ലിം സമുദായത്തിൽനിന്ന് സമീർ അഹമ്മദിനെയും ലിംഗായത്ത് വിഭാഗത്തിൽനിന്ന് എം.ബി. പാട്ടീലിനെയും ഉൾപ്പെടുത്തി. യു.ടി. ഖാദർ സ്പീക്കറായതിനാൽ തൻവീർ സേട്ട്, എൻ.എ. ഹാരിസ്, സലിം അഹമ്മദ് എന്നിവരിലൊരാൾ മുസ്ലിം പ്രാതിനിധ്യത്തിൽ മന്ത്രിയായേക്കും. ഇടക്കാല സ്പീക്കറായ ആർ.വി. ദേശ്പാണ്ഡെ, ദിനേശ് ഗുണ്ടുറാവു, കൃഷ്ണ ബൈരെ ഗൗഡ, എച്ച്.കെ. പാട്ടീൽ, ടി.ബി. ജയചന്ദ്ര, എച്ച്.സി. മഹാദേവപ്പ, ലക്ഷ്മി ഹെബ്ബാൾക്കർ, ചലുവരായ സ്വാമി, ബി.കെ. ഹരിപ്രസാദ് തുടങ്ങിയവരും പട്ടികയിൽ മുന്നിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.