മന്ത്രിസഭ: തലപ്പൊക്കമേറ്റാൻ പ്രമുഖരുടെ നിര
text_fieldsബംഗളൂരു: കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ അന്തിമ തീർപ്പ് വരാൻ വൈകുന്നതിനിടെ, മന്ത്രിപദവി കൈയാളാൻ കോൺഗ്രസിലെ പ്രമുഖർ രംഗത്ത്. പുതിയ മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും സത്യപ്രതിജ്ഞ മേയ് 20ന് നടക്കാനാണ് സാധ്യത. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച 135 പേരിൽ നിന്ന് മന്ത്രിസ്ഥാനം ഏറെക്കുറെ ഉറപ്പാക്കിയ നേതാക്കളിൽ ചിലർ ഇവരാണ്.
ജി. പരമേശ്വര
കർണാടകയിലെ ഇടതു-വലതു ദലിതുകൾക്കിടയിൽ ഏറെ സ്വീകാര്യനായ ദലിത് നേതാവാണ് മുൻ ഉപമുഖ്യമന്ത്രികൂടിയായ പരമേശ്വര. തുമകുരു ജില്ലയിലെ കൊരട്ടഗെരെയിൽ നിന്നാണ് വിജയം. കർണാടകയിൽ, 2018 നെ അപേക്ഷിച്ച് 10 ശതമാനത്തിലേറെ ദലിത് വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി മാറിയെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തൽ. ദലിത് വോട്ടുകളുടെ സ്വാധീനം ഏറ്റവും കൂടുതൽ പ്രകടമായത് ഹൈദരാബാദ് കർണാടക മേഖലയാണ്. പാർട്ടി ഹൈകമാൻഡ് അവസരം നൽകിയാൽ കർണാടക മുഖ്യമന്ത്രിയാകാൻ തയാറാണെന്ന് പരമേശ്വര വീണ്ടും പ്രഖ്യാപിച്ചതോടെ പ്രമുഖ വകുപ്പ് നൽകി അദ്ദേഹത്തെ മന്ത്രിസഭയുടെ ഭാഗമാക്കിയേക്കും.
സതീഷ് ജാർക്കിഹോളി
വ്യവസായ മന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന പഞ്ചസാര വ്യവസായിയായ രാഷ്ട്രീയക്കാരനാണ് സതീഷ് ജാർക്കിഹോളി. 2023ൽ നാലാം തവണയും യെംകൻമാദ്രിയുടെ ജനപ്രതിനിധിയായി. വാൽമീകി സമുദായത്തിൽ നിന്നുള്ള ആദിവാസി നേതാവാണ്. സഹോദരൻ രമേശ് ജാർക്കിഹോളി ബി.ജെ.പി എം.എൽ.എയാണ്. നിരവധി ഏക്കർ കരിമ്പ് കൃഷിയും പഞ്ചസാര സംസ്കരണ പ്ലാന്റുകളും ഉള്ള ബിസിനസ് കുടുംബമാണ് ജാർക്കിഹോളിമാരുടേത്.
കെ.ജെ. ജോർജ്
മലയാളിയായ കെ.ജെ.. ജോർജിന് ഇക്കുറിയും ബംഗളൂരു വികസന വകുപ്പ് നൽകുമെന്നാണ് പ്രതീക്ഷ. മുമ്പ് വീട്, ഗതാഗതം, ഭക്ഷണം, സിവിൽ സപ്ലൈസ്, ഭവനം, നഗര വികസനം എന്നിവയുൾപ്പെടെ കൈകാര്യം ചെയ്തിട്ടുണ്ട്. ഇത്തവണ സർവജ്ഞനഗർ മണ്ഡലത്തിൽ നിന്ന് 55,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പിക്കെതിരായ വിജയം. 73 കാരനായ ജോർജ് 2013ൽ മുതൽ മണ്ഡലം കൈവശംെവച്ചിരിക്കുകയാണ്.
യു.ടി. ഖാദർ
ആരോഗ്യ-കുടുംബക്ഷേമ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ മുമ്പനാണ് യു.ടി. ഖാദർ. തീരദേശ കർണാടക മേഖല കാവിപ്പട തൂത്തുവാരിയിട്ടും യു.ടി. ഖാദർ മംഗളൂരു സീറ്റ് നിലനിർത്തിയതിനാണ് കോൺഗ്രസ് മന്ത്രിസഭയിൽ വീണ്ടും ഇടമൊരുങ്ങുന്നത്. കേരളത്തിൽ കുടുംബവേരുകളുളള മുതിർന്ന മുസ്ലിം നേതാവായ യു.ടി. ഖാദർ 2013ലെ സിദ്ധരാമയ്യയുടെ മന്ത്രിസഭയിൽ അംഗമായിരുന്നു
കെ.എൻ. രാജണ്ണ
സാമൂഹ്യക്ഷേമ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന നായക സമുദായത്തിൽ നിന്നുള്ള ആദിവാസി നേതാവാണ് കെ.എൻ. രാജണ്ണ. 1989 ൽ ബി.ജെ.പി.യിൽ രാഷ്ട്രീയ ജീവിതം ആരംഭിച്ച് പിന്നീട് ജനതാദളിൽ (സെക്യുലർ) ചേർന്നയാൾ. 2008 മുതൽ കോൺഗ്രസിൽ. രണ്ട് തവണത്തെ തോൽവിക്കുശേഷം ഇക്കുറി മധുഗിരി മണ്ഡലത്തിൽ ജെഡി(എസ്)ലെ എം.സി. വീരഭദ്രയ്യക്കെതിരെ വിജയം.
എം.ബി. പാട്ടീൽ
ബിജാപുർ ജില്ലയിലെ ബബലേശ്വർ മണ്ഡലത്തിൽ നിന്ന് ഇക്കുറി അഞ്ചാം തവണയാണ് മല്ലനഗൗഡ ബസനഗൗഡ പാട്ടീൽ തെരഞ്ഞെടുക്കപ്പെടുന്നത്. കോൺഗ്രസിന്റെ പ്രധാന ലിംഗായത്ത് നേതാക്കളിൽ ഒരാൾ. കഴിഞ്ഞ സിദ്ധരാമയ്യ സർക്കാറിലെ ജലവിഭവ വകുപ്പ് ഇക്കുറിയും പാട്ടീലിനാകുമെന്നാണ് അണിയറ വർത്തമാനം.
രാമലിംഗ റെഡ്ഡി
പൊതുമരാമത്ത് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവാണ് രാമലിംഗ റെഡ്ഡി. ബി.ടി.എം ലേഔട്ട് അസംബ്ലി മണ്ഡലത്തിൽ ബി.ജെപിയെ വീണ്ടും മലർത്തിയടിച്ചാണ് വരവ്. ബി.ടി.എം ലേഔട്ട് തുടർച്ചയായി രണ്ട് തവണ ബി.ജെ.പിയിൽ നിന്ന് പിടിച്ചെടുത്തതിനാൽ അദ്ദേഹത്തിന്റെ വിജയം കോൺഗ്രസിന് പ്രധാനമാണ്. വെറും 16 വോട്ടിന് ജയനഗർ മണ്ഡലത്തിൽനിന്ന് ബി.ജെ.പിയോട് പരാജയപ്പെട്ട സൗമ്യ റെഡ്ഡി മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.