ഭൂ വിജ്ഞാപനം റദ്ദാക്കൽ; ബി.എസ്. യെദിയൂരപ്പയിൽനിന്ന് ലോകായുക്ത മൊഴിയെടുത്തു
text_fieldsബംഗളൂരു: ഭൂമി വിജ്ഞാപനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ കർണാടക ലോകായുക്തക്ക് മുന്നിൽ ഹാജരായി.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ലോകായുക്ത പൊലീസ് യെദിയൂരപ്പക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഭൂമി വിജ്ഞാപനം റദ്ദാക്കലുമായി ബന്ധപ്പെട്ട കേസുകളിൽ മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദിയൂരപ്പക്കും എച്ച്.ഡി. കുമാര സ്വാമിക്കുമെതിരെ അന്വേഷണം ഊർജിതമാക്കാൻ കർണാടക കോൺഗ്രസ് ലോകായുക്തയോട് ആവശ്യപ്പെട്ടിരുന്നു. ബംഗളൂരു നോർത്ത് കസബ ഹൊബ്ലിയിലെ ഗംഗനഹള്ളിയിൽ 1.11 ഏക്കർ ഭൂമിയുടെ വിജ്ഞാപനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിൽ പുറത്തുവിട്ടിരുന്നു. 1976ൽ ലേഔട്ട് രൂപപ്പെടുത്താൻ ബംഗളൂരു വികസന അതോറിറ്റി ഏറ്റെടുത്ത ഭൂമിയാണിത്. 1978ൽ ഇതിന്റെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായിരുന്നു.
2007ൽ ബിനാമി ഏജന്റായ രാജശേഖരയ്യ, പ്രസ്തുത ഭൂമിയുടെ വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകി. കുമാരസ്വാമിയുടെ അറിവോടെയും പിന്തുണയോടെയുമാണ് ഇത് നടന്നത്.
വിജ്ഞാപനം നടത്തിയ ഭൂമിയാണിതെന്ന് വകുപ്പ് ഉദ്യോഗസ്ഥർ മറുപടി നൽകിയെങ്കിലും വിജ്ഞാപനം റദ്ദാക്കാൻ കുമാരസ്വാമി സമ്മർദം ചെലുത്തി. യെദിയൂരപ്പ മുഖ്യമന്ത്രിയായതോടെ വകുപ്പ് ഉദ്യോഗസ്ഥരുടെ എതിർപ്പ് മറികടന്ന് 2010ൽ ഈ ഭൂമിയുടെ വിജ്ഞാപനം റദ്ദാക്കി. എച്ച്.ഡി. കുമാരസ്വാമിയുടെ ഭാര്യാ സഹോദരൻ ചന്നപ്പയുടെ പേരിൽ രജിസ്റ്റർ ചെയ്തതായും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.