കർണാടകയിൽ അർബുദ നിരക്കിൽ വർധന; സംസ്ഥാനങ്ങളിൽ ഏഴാം സ്ഥാനത്ത്; ഏറ്റവും കൂടുതൽ ബംഗളൂരുവിൽ
text_fieldsബംഗളൂരു: തുടർച്ചയായ വർഷങ്ങളിൽ കർണാടകയിൽ അർബുദബാധിതരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ വർഷം 94,832 അർബുദ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2022ൽ 90,349 പുതിയ കേസുകളും 2023ൽ 92,560 കേസുകളും റിപ്പോർട്ട് ചെയ്തു. അർബുദബാധിതരുടെ എണ്ണത്തിൽ 2022നെ അപേക്ഷിച്ച് 2023ൽ 2.4 ശതമാനമാണ് വർധനവുണ്ടായത്. എന്നാൽ, 2023നെക്കാളും 2024ൽ 2.5 ശതമാനം കേസുകൾ വർധിച്ചു.
61 മില്യനാണ് കർണാടകയിലെ ജനസംഖ്യ. രാജ്യത്ത് ഏറ്റവും കൂടുതൽ അർബുദബാധിതരുള്ള സംസ്ഥാനങ്ങളിൽ ഏഴാം സ്ഥാനത്താണ് കർണാടക. 2024ൽ രാജ്യത്തെ അർബുദബാധിതരുടെ ആകെ എണ്ണത്തിന്റെ 6.2 ശതമാനവും കർണാടകയിലാണെന്നാണ് കണ്ടെത്തൽ. ഉത്തർപ്രദേശാണ് ഒന്നാമത്. 2.2 ലക്ഷം അർബുദബാധിതരാണ് യു.പിയിലുള്ളത്. മഹാരാഷ്ട്ര, പശ്ചിമബംഗാൾ എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്താണ്. കേരളത്തിൽ കഴിഞ്ഞ വർഷം 61,175 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
കർണാടകയിൽ ഏറ്റവും കൂടുതൽ കേസുകളുള്ളത് ബംഗളൂരുവിലാണ്. ജീവിതരീതിയിലെ മാറ്റം, പാരിസ്ഥിതിക പ്രശ്നങ്ങൾ മുതലായവ രോഗത്തിന് വഴിവെക്കുന്നു. നേരത്തെ കണ്ടെത്തുന്നതിലൂടെ രോഗത്തെ മറികടക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.