കന്‍റോണ്‍മെന്‍റ്, യശ്വന്തപുര റെയില്‍വേ സ്‌റ്റേഷനുകളും വിമാനത്താവള മാതൃകയിൽ നവീകരിക്കുന്നു
text_fieldsബംഗളൂരു: കന്‍റോണ്‍മെന്‍റ്, യശ്വന്തപുര റെയില്‍വേ സ്‌റ്റേഷനുകള്‍ വിമാനത്താവള മാതൃകയിൽ നവീകരിക്കുന്നു. വിമാനത്താവളങ്ങളിലെ ടെര്‍മിനലിന് സമാനമായാണ് സ്റ്റേഷനുകൾ നവീകരിക്കുന്നത്. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി.
രണ്ടു സ്‌റ്റേഷനുകളുടെയും ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വേ അറിയിച്ചു. കന്‍റോണ്‍മെന്‍റ് റെയിവേ സ്‌റ്റേഷന്‍റെ നവീകരണം 2024 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം കെ.എസ്.ആര്‍ ബംഗളൂരു, ഹുബ്ബള്ളി, മൈസൂരു, മംഗളൂരു സെന്‍ട്രല്‍ തുടങ്ങിയ റെയിൽവേ സ്‌റ്റേഷനുകള്‍ ആധുനികവത്കരിക്കാനുള്ള നടപടികളും തുടങ്ങും.
പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ അത്യാധുനിക സൗകര്യങ്ങളാണ് റെയില്‍വേ സ്‌റ്റേഷനുകളിലൊരുക്കുക. വിമാനത്താവളങ്ങളിലെ ടെര്‍മിനലുകളുടെ മാതൃകയിലായിരിക്കുമിത്. ഇരിപ്പിടങ്ങള്‍, സി.സി. കാമറകള്‍, വൃത്തിയുള്ള ശൗചാലയങ്ങള്‍, വിശ്രമമുറികള്‍, എസ്‌കലേറ്ററുകള്‍, വാഹനങ്ങള്‍ നിര്‍ത്താനുള്ള വിശാലമായ പാര്‍ക്കിങ് സൗകര്യം തുടങ്ങിയവ ഇവിടെയുണ്ടാകും.യശ്വന്തപുര, കന്റോണ്‍മെന്‍റ് റെയില്‍വേ സ്‌റ്റേഷന്‍ എന്നിവ ഭാവിയില്‍ പൂര്‍ത്തിയാകുന്ന മെട്രോ പാതകളുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്‌റ്റേഷനില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ പരമ്പരാഗത ശൈലിയിലായിരിക്കും ഉണ്ടാവുക. ഈ ആവശ്യമുന്നയിച്ച് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും വ്യക്തികളും അധികൃതരെ സമീപിച്ചിരുന്നു. ഭാവിയില്‍ നവീകരിക്കാനുദ്ദേശിക്കുന്ന ഹുബ്ബള്ളി, മൈസൂരു, മംഗളൂരു സെന്‍ട്രല്‍ തുടങ്ങിയ റെയില്‍വേ സ്‌റ്റേഷനുകളിലും അതത് മേഖലകളുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്ന കെട്ടിടങ്ങളായിരിക്കും നിര്‍മിക്കുക.
വിമാനത്താവളത്തിന്‍റെ മാതൃകയിൽ നവീകരണം പൂര്‍ത്തിയായ ബൈയ്യപ്പനഹള്ളിയിലെ വിശ്വേശ്വരയ്യ റെയില്‍വേ സ്‌റ്റേഷന്‍ ഇതിനോടകം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കേന്ദ്രീകൃത എ.സി, ഏഴ് പ്ലാറ്റ്‌ഫോമുകള്‍, എസ്‌കലേറ്ററുകള്‍, വിശാലമായ പാര്‍ക്കിങ് സ്ഥലം എന്നിവയെല്ലാം ഈ ടെര്‍മിനലിന്‍റെ പ്രത്യേകതയാണ്. 4200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ 314 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ടെര്‍മിനലില്‍ 50,000 പേരെ ഒരേസമയം ഉള്‍ക്കൊള്ളാനാകും.രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച റെയിൽവേ കോച്ച് ടെർമിനൽ എന്ന ഖ്യാതിയുമുണ്ട് ഇതിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.