നഞ്ചൻകോട്ടിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു
text_fieldsബംഗളൂരു: ചാമരാജ് നഗർ നഞ്ചൻകോട്ടിലെ ഹൊസകോട്ടെയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു. മൈസൂരു രാജീവ് നഗർ സ്വദേശി റിച്ചാർഡും കുടുംബവും സഞ്ചരിച്ച കെ.എ 01 എം.ജെ 3416 നാനോ കാറാണ് അപകടത്തിൽപെട്ടത്. നഞ്ചൻകോട് സന്ദർശിച്ചശേഷം സുത്തുർ-ഹൊസകോട്ടെ റോഡ് വഴി മൈസൂരുവിലേക്ക് തിരിച്ചുവരവെ കാറിന് തീപിടിക്കുകയായിരുന്നു. കർഷകർ റോഡിൽ കനത്തിൽ മുതിരച്ചെടികൾ ഉണക്കാനിട്ടതാണ് തീപിടിത്തത്തിന് ഇടയാക്കിയത്. തീപിടിച്ചതറിയാതെ റിച്ചാർഡ് കുറച്ചുദൂരം മുന്നോട്ടുപോയിരുന്നു. പിന്നീട് എതിരെ വന്ന ബൈക്ക് യാത്രികർ വിവരമറിയിച്ചതോടെ വാഹനം നിർത്തി അമ്മയും ഭാര്യയുമടക്കമുള്ള യാത്രികരെ റിച്ചാർഡ് പുറത്തിറക്കി. മിനിറ്റുകൾക്കകം കാർ മുഴുവനായും തീ ആളിപ്പടർന്നു.
കാർഷിക മേഖലകളിലൂടെ കടന്നുപോകുന്ന റോഡുകളിൽ ഇത്തരം വിളകൾ ഉണക്കാനിടുന്നത് പതിവാണ്. എന്നാൽ, വാഹനങ്ങളുടെ എൻജിനടക്കമുള്ള താഴെയുള്ള ഭാഗങ്ങൾ ചൂടായിരിക്കുന്നതിനാൽ ചെടികളുടെ ഭാഗങ്ങളും വയ്ക്കോലും ഇവിടെ തട്ടി വാഹനങ്ങൾക്ക് തീപിടിക്കുകയാണ് ചെയ്യുക. തൊഴിലാളികളുടെ കൂലി ലാഭിക്കാനാണ് കർഷകർ ഈ പ്രവൃത്തി ചെയ്യുന്നതെങ്കിലും വാഹനയാത്രികർക്ക് ഇത് ഏറെ അപകടകരമാണ്. റിച്ചാർഡിന്റെ പരാതിയിൽ ബിലിഗരെ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.