കേന്ദ്ര മന്ത്രി കുമാരസ്വാമിക്കും മകൻ നിഖിലിനുമെതിരെ കേസ്
text_fieldsബംഗളൂരു: കേന്ദ്ര ഉരുക്ക്-വൻകിട വ്യവസായ മന്ത്രിയും ജെ.ഡി.എസ് കർണാടക അധ്യക്ഷനുമായ എച്ച്.ഡി. കുമാര സ്വാമി, മകനും ചന്നപട്ടണ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പ് എൻ.ഡി.എ സ്ഥാനാർഥിയുമായ നിഖിൽ കുമാര സ്വാമി, ജെ.ഡി.എസ് നിയമസഭ പാർട്ടി നേതാവ് സി.ബി. സുരേഷ് ബാബു എന്നിവർക്കെതിരെ ബംഗളൂരു സഞ്ജയ് നഗർ പൊലീസ് കേസെടുത്തു.
ലോകായുക്ത എ.ഡി.ജി.പി എം. ചന്ദ്രശേഖറിന്റെ പരാതിയിൽ കോടതിയുടെ നിർദേശ പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയും കർണാടക ഐ.പി.എസ് കാഡറിൽ നിന്ന് മാറ്റുമെന്ന് വെല്ലുവിളിക്കുകയും ചെയ്തെന്നാണ് എ.ഡി.ജി.പിയുടെ പരാതി.
എ.ഡി.ജി.പി നേരത്തെ നൽകിയ പരാതിയിൽ നിയമോപദേശം തേടിയ കോടതി, കേന്ദ്ര മന്ത്രിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ പൊലീസിന് അനുമതി നൽകി. ഇതേത്തുടർന്നാണ് കേസെടുത്തത്. 2013 മുതലുള്ള അനധികൃത ഖനനക്കേസ് അന്വേഷിക്കുന്ന എസ്.ഐ.ടിയുടെ തലവനാണ് എ.ഡി.ജി.പി ചന്ദ്രശേഖർ. കേസിൽ കുറ്റാരോപിതനായ കുമാരസ്വാമി തനിക്കെതിരെ നടത്തിയ വാർത്തസമ്മേളനത്തിനിടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതായി എ.ഡി.ജി.പി പരാതിയിൽ പറഞ്ഞു. ജാമ്യത്തിലിറങ്ങിയ കുമാരസ്വാമി അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.