യുവാക്കളിൽനിന്ന് പണം തട്ടാൻ ശ്രമിച്ച കർണാടക പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്
text_fieldsകളമശ്ശേരി/ബംഗളൂരു: ക്രിപ്‌റ്റോ കറൻസി കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത യുവാക്കളിൽനിന്ന് പണം തട്ടിയെടുത്ത കർണാടക പൊലീസ് ഉദ്യോഗസ്ഥർ കേരള പൊലീസിന്‍റെ പിടിയിലായി. കർണാടക ബംഗളൂരു വൈറ്റ് ഫീൽഡ് പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരായ ശിവപ്രകാശ്, വിജയ്കുമാർ, ശിവണ്ണ, സന്ദേഷ് എന്നിവരാണ് കളമശ്ശേരി പൊലീസിന്‍റെ പിടിയിലായത്. കുമ്പളങ്ങി സ്വദേശികളായ ജോസഫ് നിഖിൽ, അഖിൽ ആൽബി എന്നിവരിൽനിന്നാണ് കർണാടക പൊലീസിലെ സി.ഐ അടക്കമുള്ള ഉദ്യോഗസ്ഥർ പണം തട്ടിയെടുക്കാൻ ശ്രമിച്ചത്.
കേസെടുത്ത പൊലീസ് നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ സംഘത്തെ നോട്ടീസ് നൽകി കർണാടക പൊലീസിന് കൈമാറി. ആഗസ്റ്റ് 16ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചത്. അതിനുമുമ്പ് ആവശ്യമായി വന്നാൽ വിളിച്ചുവരുത്തുമെന്നും പൊലീസ് പറഞ്ഞു. ഇവരിൽ നിന്ന് പിടിച്ചെടുത്ത പണവും വാഹനവും കോടതിയിൽ ഹാജരാക്കുമെന്നും എ.സി പി.വി. ബേബി പറഞ്ഞു.
ജൂൺ 14ന് വൈറ്റ്ഫീൽഡ് സി.ഇ.എൻ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട സൈബർ കേസിൽ കർണാടക പൊലീസ് അന്വേഷണത്തിനായാണ് കൊച്ചിയിലെത്തിയത്. തുടർന്ന് കേസുമായി ബന്ധപ്പെട്ട് ജോസഫ് നിഖിൽ (31), കെ.എ. അഖിൽ ആൽബി (32) എന്നിവരെ എന്നിവരെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകീട്ട് നാലിന് കാറിലെത്തിയ പൊലീസ് സംഘം തോപ്പുംപടി ബി.ഒ.ടി പാലത്തിനടുത്തുനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കർണാടകയിലേക്ക് തിരിക്കുന്നതിനിടെ പള്ളുരുത്തി സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന് യുവാക്കൾ ആവശ്യപ്പെട്ടതനുസരിച്ച് സ്റ്റേഷനിൽ ഹാജരാക്കി വിവരം നൽകി യാത്ര തിരിച്ചു.
യാത്രക്കിടെ തൃശൂരിൽ ഭക്ഷണം കഴിക്കാൻ നിർത്തിയപ്പോൾ 25 ലക്ഷം രൂപ നൽകിയാൽ വിട്ടയക്കുമെന്ന് ഇവരുടെയൊപ്പം പിടിയിലുള്ള നൗഷാദ് പറഞ്ഞതായി യുവാക്കളുടെ ബന്ധുക്കൾ പറഞ്ഞു. പിന്നീട് തുക 10 ലക്ഷമായി. അവസാനം അഞ്ചുലക്ഷം ഉടൻ നൽകിയാൽ ഒഴിവാക്കാമെന്ന് പറഞ്ഞതായി യുവാക്കൾ ബന്ധുക്കളെ അറിയിച്ചു. അതനുസരിച്ച് നിഖിലിന്‍റെ പിതാവ് മൂന്നുലക്ഷം എത്തിച്ച് നൽകി. അഖിൽ ഒരു ലക്ഷം എ.ടി.എമ്മിൽനിന്നും എടുത്ത് കൈമാറി. എന്നാൽ, അഞ്ചുലക്ഷം കൂടി നൽകണമെന്ന് സംഘം വാശി പിടിച്ചു. ഇതോടെ ബന്ധുക്കൾ പള്ളുരുത്തി സ്റ്റേഷനിലും അഭിഭാഷക മുഖേന ഡെപ്യൂട്ടി കമീഷണർ എസ്. ശശിധരനും പരാതി കൊടുത്തതോടെ കളമശ്ശേരി പൊലീസ് ഇൻസ്പെക്ടർ വിപിൻദാസിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ഇതിനിടെ, എറണാകുളത്തേക്ക് തിരിച്ചുവരണമെന്നും ബാക്കി തുകകൂടി തരാമെന്നും യുവാക്കളുടെ ബന്ധുക്കൾ അറിയിച്ചു. 2.95 ലക്ഷം രൂപ നൽകിയ നിഖിലിനെ വിട്ടയക്കാനുള്ള ശ്രമം നടക്കുന്നതിനിടെ അങ്കമാലി പറമ്പയം ഭാഗത്തുവെച്ച് റോഡരികിൽ കിടന്ന വാഹനം സി.ഐ വിപിൻദാസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തി. പരിശോധനയിൽ വാഹനത്തിൽനിന്ന് 3,95,000 രൂപ കണ്ടെത്തി. ഉടൻ യുവാക്കളെയും പൊലീസ് സംഘത്തെയും പണം കണ്ടെത്തിയ വാഹനവും കസ്റ്റഡിയിലെടുത്തു.
ഏഴുവർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. കളമശ്ശേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടരും. കേസിൽ കോടതിയിൽനിന്ന് ഇടക്കാല മുൻകൂർ ജാമ്യം ലഭിച്ചതിനാൽ അഖിലിനെയും നിഖിലിനെയും പൊലീസ് വിട്ടയച്ചു.അതേസമയം, കൊച്ചിയിൽനിന്ന് സൈബർ കേസിലെ പ്രതികളിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ ഇൻസ്പെക്ടർ അടക്കം മൂന്നു പൊലീസുകാരെ കർണാടക സ്പെൻഡ് ചെയ്തു. കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കൊച്ചി പൊലീസ് പിടികൂടിയ വിവരം ബംഗളൂരു പൊലീസിനെ കേരള പൊലീസ് അറിയിച്ചതിനെ തുടർന്നാണ് കർണാടകയുടെ സസ്പെൻഷൻ നടപടി. തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ട പരാതിക്കാരനായ ചന്ദക ശ്രീകാന്തിന് 26 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് സൈബർ കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.