അമിത വേഗത്തിന് ബസ് ഡ്രൈവർക്കും അശ്രദ്ധക്ക് കാൽനടക്കാരിക്കുമെതിരെ കേസ്
text_fieldsമംഗളൂരു: അമിത വേഗത്തിൽ ഓടിച്ചതിന് സ്വകാര്യ ബസ് ഡ്രൈവർക്കും അശ്രദ്ധമായി റോഡ് മുറിച്ചു കടന്നതിന് മലയാളി സ്ത്രീക്കുമെതിരെ മംഗളൂരു സൗത്ത് ട്രാഫിക് പൊലീസ് കേസെടുത്തു. മംഗളൂരു-മുടിപ്പു റൂട്ടിൽ സർവിസ് നടത്തുന്ന ‘ഗോപാലകൃഷ്ണ’ ബസ് ഡ്രൈവർ ത്യാഗരാജ്(49), കാസർകോട് വൊർക്കാടിയിലെ ഐശുമ്മ(63) എന്നിവർക്കെതിരെയാണ് കേസ്. അശ്രദ്ധമായി റോഡ് മുറിച്ച് കടന്ന് അപകടത്തിൽപെടുമായിരുന്ന സ്ത്രീയെ ഇടിക്കാതെ ബസ് വെട്ടിക്കുകയായിരുന്നു. ഡ്രൈവറെ നാട്ടുകാർ പ്രശംസിക്കുന്നതിനിടെയാണ് ട്രാഫിക് പൊലീസ് കേസ് എടുത്തത്.
ചൊവ്വാഴ്ച തവിടുഗോളി ബസ് സ്റ്റോപ്പിനടുത്ത് ഐശുമ്മ ബസ് സ്റ്റോപ്പിലേക്ക് പോകാനായി അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു. വേഗത്തിൽ വന്ന ഗോപാലകൃഷ്ണ ബസ് ഇടത്തോട്ട് വെട്ടിച്ച് പെട്ടെന്ന് നിർത്തി. ഐശുമ്മ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സമൂഹ മാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഡ്രൈവർക്ക് പ്രശംസയുമായി ആളുകൾ രംഗത്തു വന്നു.
എന്നാൽ അമിത വേഗത്തിന് ഡ്രൈവർക്കെതിരെ കേസ് എടുക്കുകയായിരുന്നു. അമിത വേഗത്തിൽ ബസോടിച്ചിട്ടില്ലെന്ന് ത്യാഗരാജ് അവകാശപ്പെട്ടു. 25 വർഷമായി ഡ്രൈവറായ താൻ 19 വർഷമായി ഈ റൂട്ടിലാണുള്ളത്. ബസ് സ്റ്റോപ് എത്താറാവുമ്പോൾ അമിത വേഗത്തിൽ ഓടിക്കാനാവില്ല. ആ സ്ത്രീയുടെ ജീവനാണ് താൻ അപ്പോൾ മുൻതൂക്കം നൽകിയതെന്നും ഇദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.