മതത്തിന്റെയും ജാതിയുടെയും പേരിലുള്ള ഭിന്നിപ്പ് അസമത്വം വർധിപ്പിക്കും -മുഖ്യമന്ത്രി
text_fieldsബംഗളൂരു: മതത്തിന്റെയും ജാതിയുടെയും പേരിൽ ഭിന്നിക്കപ്പെടുമ്പോൾ സമൂഹത്തിൽ അസമത്വം വർധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
വിദ്യാഭ്യാസമുള്ളവർപോലും ജാതിപ്രേമികളായി മാറുന്നത് വർധിച്ചുവരികയാണെന്നും ഇത് സാമൂഹിക ദുരന്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബംഗളൂരു ഗാന്ധിഭവനിൽ ‘ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഗാന്ധി’ എന്ന വിഷയത്തിൽ ശനിയാഴ്ച സംഘടിപ്പിച്ച അന്താരാഷ്ട്ര സിംപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജാതി വ്യവസ്ഥയാൽ പലർക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടത് സമൂഹത്തിൽ അസമത്വം വർധിക്കാനിടയാക്കി. എന്നാൽ, വിദ്യാഭ്യാസമുള്ളവരിൽ ഇപ്പോൾ ജാതി ചിന്ത അധികരിച്ചുവരുന്നത് ദുരന്തമാണ്. ജാതി അസമത്വത്തെ വളമിട്ടു വളർത്തിയവർതന്നെയാണ് മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്നത്. ഗാന്ധി സമൂഹത്തിന് നൽകിയ ആശയങ്ങളും മാർഗവും ഇരുപതാം നൂറ്റാണ്ടിൽ മാത്രം ഒതുങ്ങുന്നതല്ല. ഇന്നും അത് പ്രസക്തമാണ്.
സമാധാനവും സത്യവും നീതിയും സാഹോദര്യവും ഗാന്ധിജി ജീവിതത്തിലുടനീളം ആഘോഷിച്ചു. പരസ്പരം സ്നേഹിക്കുന്നതിന്റെ ഗുണപരമായ സത്ത ലോകം മുഴുവൻ സ്വീകരിച്ചാൽ സമൂഹം നന്നാവുമെന്ന് അദ്ദേഹം വിശ്വസിച്ചു. നമ്മുടെ ആവശ്യങ്ങളെയാണ് പ്രകൃതി നിറവേറ്റിത്തരുന്നത്; അല്ലാതെ അത്യാഗ്രഹങ്ങളെയല്ല. മനുഷ്യന്റെ ആർത്തിയാണ് കേരളത്തിലെ വയനാട്ടിലെയടക്കം പ്രകൃതി ദുരന്തങ്ങൾക്കിടയാക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു.
ശരിയായ ശാസ്ത്രീയ ജ്ഞാനമില്ലാത്തതിനാൽ വിദ്യാസമ്പന്നരായ ആളുകൾപോലും അന്ധവിശ്വാസത്തിലും കർമ സിദ്ധാന്തത്തിലും വിശ്വസിക്കുന്നു. 850 വർഷങ്ങൾക്ക് മുമ്പ് ബസവണ്ണയും അദ്ദേഹത്തിന്റെ ശിഷ്യരും കർമസിദ്ധാന്തത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. എന്നാൽ, വിദ്യാസമ്പന്നരായ ആളുകൾ ഇപ്പോഴും അതിൽ വിശ്വസിക്കുന്നു.
ഗാന്ധിജി നയിച്ച അഹിംസാ വഴിയിലൂടെ ഏവരെയും ഉൾക്കൊണ്ട് ശാസ്ത്രീയമായ രീതിയിൽ സമൂഹത്തെ പാകപ്പെടുത്താനാണ് ജവഹർലാൽ നെഹ്റു ശ്രമിച്ചത്. യുവതലമുറയിൽ ഇത്തരം പ്രവർത്തനങ്ങൾ വേണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.