ജാതി വിവേചനം: നടപടികൾ തടഞ്ഞ് ഹൈകോടതി
text_fieldsബംഗളൂരു: ജാതി വിവേചനത്തിനെതിരായി നൽകിയ പരാതിയിൽ ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഉദ്യോഗസ്ഥർക്കും അധ്യാപകർക്കുമെതിരായ നടപടികൾ ഹൈകോടതി തടഞ്ഞു. പ്രഫസർ ഗോപാൽ ദാസ് നൽകിയ പരാതിയിൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ റൈറ്റ്സ് എൻഫോഴ്സ്മെന്റ് (ഡി.സി.ആർ.ഇ) ഐ.ഐ.എം അധ്യാപകരടക്കം ഏഴോളം പേർക്ക് നോട്ടീസ് നൽകിയിരുന്നു. ജാതി അധിക്ഷേപം പോലുള്ള പരാതികൾ അന്വേഷിക്കാൻ ഡി.സി.ആർ.ഇക്ക് അധികാരമില്ലെന്നാണ് ജസ്റ്റിസ് ഹേമന്ത് ചന്ദന ഗൗഡറിന്റെ സിംഗ്ൾ ബെഞ്ച് വിധിച്ചത്.
1992ലെ കർണാടക എസ്.സി/എസ്.ടി, മറ്റു പിന്നാക്ക വിഭാഗങ്ങൾ ആക്ട് പ്രകാരം വ്യാജ ജാതി സർട്ടിഫിക്കറ്റുപയോഗിച്ച് ജോലി നേടിയവരെ പുറത്താക്കാൻ അധികാരമുണ്ടെങ്കിലും ജാതി അതിക്രമവുമായി ബന്ധപ്പെട്ട പരാതികളന്വേഷിക്കാൻ ഡി.സി.ആർ.ഇക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.
അതുകൊണ്ട് ഐ.ഐ.എം ഉദ്യോഗസ്ഥർക്ക് നൽകിയ നോട്ടീസ് അസാധുവാണെന്നും ജനുവരി രണ്ടാം വാരത്തിൽ കേസ് പരിഗണിക്കുന്നതുവരെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കരുതെന്നും കോടതി പറഞ്ഞു. പ്രഫസർ ഗോപാൽ ദാസ് നൽകിയ പരാതിയിൽ മൈക്രോ ലേഔട്ട് പൊലീസും സമാനവിഷയത്തിൽ കേസെടുത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.